2018ലെ മഹാപ്രളയവും പിണറായി സര്‍ക്കാരിന്റെ ‘ഭരണനേട്ടം’ എന്ന് കണ്ടെത്തല്‍ ! സിഎജി നിര്‍ദ്ദേശത്തില്‍ നടത്തില്‍ പഠനത്തില്‍ പുറത്തു വരുന്നത് സര്‍ക്കാരിനെ വെട്ടിലാക്കുന്ന വിവരങ്ങള്‍…

2018ലെ പ്രളയകാലം മുതല്‍ തുടങ്ങിയതാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ ആക്കിക്കൊണ്ടുള്ള സൈബര്‍ തള്ളുകള്‍.

പ്രളയകാലത്തെ കേരളത്തെ രക്ഷിച്ച രക്ഷകനായാണ് സൈബര്‍ സഖാക്കള്‍ പിണറായിയെ വാഴ്ത്തുന്നത്.

എന്നാല്‍ പ്രളയം മനുഷ്യസൃഷ്ടിയാണെന്നും പിണറായിയുടെ ഭരണത്തിന്റെ പിടിപ്പു കേടുകൊണ്ട് സംഭവിച്ചതാണെന്നുമുള്ള ആക്ഷേപങ്ങളും അന്നേയുണ്ടായിരുന്നു.

ഡാം മാനേജ്മെന്റിലെ വീഴ്ച്ചയാണ് ഇതിന് ഇടയാക്കിയത് എന്നായിരുന്നു പ്രധാനപ്പെട്ട ആക്ഷേപം. എന്തായാലും തെരഞ്ഞെടുപ്പു കാലത്ത് പിണറായി വിജയനെ വീണ്ടും തള്ളിത്തള്ളി ‘ക്യാപ്റ്റന്‍’ ആക്കുമ്പോള്‍ വെള്ളിടിപോലെ സര്‍ക്കാരിനു മേല്‍ പതിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

സര്‍ക്കാര്‍ അവകാശവാദങ്ങളെ എല്ലാം തള്ളുന്നതാണ് പുതിയ റിപ്പോര്‍ട്ട്.കേരളത്തില്‍ 2018ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചത് ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച മൂലമെന്ന് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പഠനം. ഒരു പ്രമുഖ മാധ്യമമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

മഴ മുന്നറിയിപ്പുകളോ ഡാമുകളിലേക്കെത്തുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളോ ലഭ്യമായിരുന്നില്ല. ഇതു ഡാമുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.

ഇടുക്കി അണക്കെട്ട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഉപയോഗിക്കണമെന്നു നിര്‍മ്മാണ രേഖയില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ഉല്‍പാദനത്തിനു മാത്രമാണ് ഉപയോഗിക്കുന്നത്.

പ്രളയം രൂക്ഷമായ ഓഗസ്റ്റ് 14 മുതല്‍ 18 വരെ ഇടുക്കി ഡാമിലെ മുഴുവന്‍ സംഭരണശേഷിക്കും പരമാവധി ജലനിരപ്പിനും ഇടയിലുള്ള ഫ്ളഡ് കുഷന്‍ ഉപയോഗപ്പെടുത്തിയില്ല.

ഫ്ളഡ് കുഷന്‍ അളവായ 110.42 മില്യന്‍ ക്യുബിക് മീറ്റര്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ആദ്യഘട്ടത്തില്‍ വെള്ളം തുറന്നുവിട്ടത് ഒഴിവാക്കാമായിരുന്നു.

ഇടമലയാര്‍ ഡാമിലും മുഴുവന്‍ ശേഷിയില്‍ ഫ്ളഡ് കുഷന്‍ ഉപയോഗപ്പെടുത്തിയില്ല. വെള്ളപ്പൊക്ക സമയത്ത് ലോവര്‍ പെരിയാര്‍ അണക്കെട്ടിലെ ടണലുകളിലെ തടസ്സം കാരണം പവര്‍ ഹൗസിലേക്കു വെള്ളം തുറന്നുവിട്ടിരുന്നില്ല.

ഇടമലയാര്‍ പവര്‍ ഹൗസില്‍ 2018 ഓഗസ്റ്റ് 16 മുതല്‍ 18 വരെ വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസര്‍ച് വകുപ്പിലെ പി.പി.മജുംദാര്‍, ഐഷ ശര്‍മ, ആര്‍.ഗൗരി എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടത്തിയത്.

മഹാപ്രളയവേളയില്‍ അണക്കെട്ടുകളുടെ കൈകാര്യം ഫലപ്രദമായിരുന്നില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും കണ്ടെത്തിയിരുന്നു.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു പ്രതിസ്ഥാനത്ത്. അപകട സാധ്യതയെക്കുറിച്ച് വളരെ നേരത്തെ തന്നെ സൂചന ലഭിച്ചിട്ടും വെള്ളം ഘട്ടംഘട്ടമായി തുറന്നു വിട്ട് ജലനിരപ്പ് കുറയ്ക്കാഞ്ഞതെന്തുകൊണ്ടെന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ കെഎസ്ഇബി തയ്യാറായതുമില്ല.

ഇതേക്കുറിച്ച് അടക്കം വിശദമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് അമിക്കസ് ക്യൂറിയായ ജേക്കബ് പി. അലക്‌സിന്റെ റിപ്പോര്‍ട്ട്.

അപ്രതീക്ഷിതമായുണ്ടായ മഴയാണു പ്രളയ കാരണമെന്ന വാദത്തില്‍ വസ്തുതയില്ല. കേരളത്തില്‍ പെയ്ത മഴയുടെ അളവു രേഖപ്പെടുത്തുന്നതിനോ പഠിക്കുന്നതിനോ സംസ്ഥാനത്തു സംവിധാനങ്ങള്‍ തയാറായിട്ടില്ല.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവയൊന്നും കൃത്യമായ പരിശോധിക്കുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

ഡാമുകള്‍ തുറന്നു വിടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുത്തില്ല. ജനങ്ങള്‍ക്കു നല്‍കേണ്ട ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പുറപ്പെടുവിക്കാതെ ഡാമുകള്‍ കൂട്ടമായി തുറന്നുവിട്ടതാണു പ്രളയത്തിനിടയാക്കിയത് എന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്തായാലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാവുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

Related posts

Leave a Comment