വിമാനത്താവളങ്ങളില്‍ കൃത്രിമക്കാല്‍ അഴിപ്പിച്ചുള്ള പരിശോധന വളരെ വേദനയുളവാക്കുന്നത് ! ഇതിനൊരു പരിഹാരം കാണണമെന്ന ആവശ്യവുമായി സുധ ചന്ദ്രന്‍…

അറിയപ്പെടുന്ന നര്‍ത്തകിയും നടിയുമാണ് സുധാ ചന്ദ്രന്‍. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ഒരു ദുരനുഭവമാണ് ചര്‍ച്ചയാകുന്നത്. വിമാനത്താവളങ്ങളിലും മറ്റും കൃത്രിമക്കാല്‍ അഴിച്ചു വച്ച് പരിശോധിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന വേദന പങ്കു വെച്ചാണ് സുധ ചന്ദ്രന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്‍ അപകടത്തെ തുടര്‍ന്നാണ് സുധാ ചന്ദ്രന് ഒരു കാല്‍ നഷ്ടപ്പെട്ടത്. ഒരു കാല്‍ അപകടത്തില്‍ നഷ്ടപ്പെട്ടെങ്കിലും കൃത്രിമക്കാലുമായി പൂര്‍വാധികം ശക്തിയോടെ സുധാ ചന്ദ്രന്‍ നൃത്തരംഗത്തേക്കും അഭിനയരംഗത്തേക്കും എത്തുകയായിരുന്നു. ഇതിലൂടെ സുധാ ചന്ദ്രന്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറുകയും ചെയ്തിരുന്നു.

എന്നാല്‍, കൃത്രിമക്കാല്‍ വെച്ച് അഭിനയരംഗത്തും നൃത്തരംഗത്തും സജീവമായ സുധാ ചന്ദ്രന്‍ തന്റെ വേദന പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഈ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍.

യാത്രയ്ക്കിടെ വിമാനത്താവളങ്ങളിലെ പരിശോധനയുടെ ഭാഗമായി എപ്പോഴും കൃത്രിമക്കാല്‍ ഊരി മാറ്റേണ്ടി വരുന്നത് തനിക്ക് വളരെയധികം ശാരീരിക വിഷമതകള്‍ നല്‍കുന്നെന്ന് താരം പറയുന്നു.

തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇത്തരത്തിലുള്ള പരിശോധനകള്‍ ഒഴിവാക്കാന്‍ പ്രത്യേക കാര്‍ഡ് നല്‍കണമെന്നും വീഡിയോയിലൂടെ പ്രധാനമന്ത്രിയോട് അവര്‍ അഭ്യര്‍ത്ഥിച്ചു.

‘ഇത് പ്രിയപ്പെട്ട പ്രധാനമന്ത്രി മോദിജിയോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. പ്രധാനമന്ത്രി മോദിജിയും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഇത് ശ്രദ്ധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സുധാ ചന്ദ്രനാണ്.

ഞാനൊരു നടിയും നര്‍ത്തകിയുമാണ്. എന്റെ ഒരു കാല്‍ കൃത്രിമമാണ്. ആ കാലിന്റെ പരിമിതികളെ തോല്‍പിച്ച് ഞാന്‍ എന്റെ രാജ്യത്തിന് അഭിമാനമായിട്ടുണ്ട്.

എന്നാല്‍, എന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട യാത്രകള്‍ക്കായി വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ സുരക്ഷാപരിശോധനയുടെ ഭാഗമായി കൃത്രിമകാല്‍ അഴിച്ചു പരിശോധിക്കുന്നു.

ഇത് ശാരീരിക വിഷമതകള്‍ക്കൊപ്പം മാനസികമായും എന്നെ ബാധിക്കുന്നു. ഇത്തരം പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കണം’- വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അവര്‍ അഭ്യര്‍ത്ഥിച്ചു.

Related posts

Leave a Comment