തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ വീട്ടമ്മയെ മരിച്ച നിലയിലും കൂടെയുണ്ടായിരുന്ന അയൽവാസിയെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി. സീമയെയാണ് (50) ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂടെയുണ്ടായിരുന്ന സീമയുടെ അയൽവാസിയായ അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി. വിജയനെയാണ് മാട്ടൂൽ ജസീന്തയ്ക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സീമയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
കണ്ണപുരം മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. രണ്ട് മക്കളുണ്ട്. ഇന്നലെ ഉച്ചക്ക് 12.50 നാണ് ഇരുവരും ചേര്‍ന്ന് പറശിനിക്കടവിലെ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയെടുത്തത്. വൈകുന്നേരം ആറോടെ വിജയന് മുറിപൂട്ടി പുറത്തേക്ക് പോയി.
ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പോലീസിനെ വിളിച്ചത്. തുടർന്ന്, രാത്രിയിൽ പോലീസെത്തിയപ്പോഴാണ് വീട്ടമ്മയെ റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന്, പോലീസ് വിജയന്റെ ഫോൺ നന്പർ വിളിച്ച് നോക്കിയപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
വിജയൻ തൂങ്ങിമരിച്ചെന്ന് ഇന്ന് രാവിലെ പോലീസിന് വിവരം ലഭിച്ചത്. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍ മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനോട് പറഞ്ഞു.
