മീടുവിന് ഇരയാകുന്നവരില്‍ പുരുഷന്മാരുമുണ്ട് ! സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ ഇരയ്‌ക്കൊപ്പമാവണം നമ്മള്‍ നില്‍ക്കേണ്ടത്; തുറന്നു പറച്ചിലുമായി സണ്ണി ലിയോണ്‍

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ ആരംഭിച്ച മീടു ക്യാമ്പയ്ന്‍ രാജ്യമാകെ കത്തിപ്പടര്‍ന്നിരുന്നു. ‘മീ ടൂ’ എന്ന വാചകം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചത് 2006 ല്‍ മൈസ്‌പേസില്‍ ലൈംഗിക പീഡനത്തെ അതിജീവിച്ച ആക്ടിവിസ്റ്റായ താരാന ബര്‍ക്ക് ആയിരുന്നു. ഇതിനു ശേഷം ഹാഷ്ടാഗ് ക്യാമ്പയിനായി ഇതിനു വലിയ തോതില്‍ പ്രചാരം ലഭിക്കുകയും ചെയ്തു.

ബോളിവുഡ് നടി തനുശ്രീ ദത്ത നടന്‍ നാനാ പടേക്കര്‍ക്കെതിരെ 2018 ല്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചപ്പോഴാണ് ഇന്ത്യയില്‍ മീടൂ മൂവ്‌മെന്റിന് തുടക്കം കുറിച്ചത്. 2008 ല്‍ ഹോണ്‍ ഒക്കെ പ്ലീസ് എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടയില്‍ നാനാപഡേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു തനുശ്രീയുടെ ആരോപണം. പിന്നീട് കണ്ടത് ഇന്ത്യന്‍ സിനിമ രംഗത്തെ പല വമ്പന്മാരുടെയും മുഖംമൂടികള്‍ വലിച്ചു കീറപ്പെടുന്നതാണ്. എന്നാല്‍ ഇപ്പോള്‍ മീടൂ ഇരകള്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകുന്നുണ്ട് എന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരറാണി സണ്ണി ലിയോണ്‍ രംഗത്തെത്തിയിരിക്കുകയാണ്.

അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് സണ്ണി ഇക്കാര്യം പറഞ്ഞത്. മീ ടൂ മൂവ്‌മെന്റും, സ്ത്രീ ശാക്തീകരണവുമെല്ലാം സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിച്ചു എന്നാണ് അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ വ്യക്തമാക്കിയത്. താന്‍ ഒരു ഓഫീസില്‍ അല്ല ജോലി ചെയ്യുന്നത്. ഒരു നീര്‍ക്കുമിളയിലാണ് ജീവിതം. പക്ഷേ, താന്‍ വിശ്വസിക്കുന്നത് ജോലിസ്ഥലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ച്, അല്ലെങ്കില്‍ സ്വസ്ഥമായി ജോലിചെയ്യാന്‍ അനുവദിക്കാതിരിക്കുന്നതിനെക്കുറിച്ച് സ്ത്രീകളാണ് കൂടുതല്‍ തുറന്നു സംസാരിക്കുന്നത് എന്നാണ്.

പക്ഷെ ഇത്തരം അനുഭവങ്ങള്‍ പുരുഷന്മാര്‍ക്കും നേരിടേണ്ടി വരുന്നുണ്ട്. പക്ഷേ അത് പലരും തിരിച്ചറിയുന്നില്ല, അവന്‍ ഒരു ആണല്ലേ?, ഇതിത്ര വലിയ കാര്യമാണോ? എന്ന മട്ടിലായിരിക്കും പലരുടെയും മനോഭാവം. ജോലിസ്ഥലത്തോ മറ്റെവിടെയെങ്കിലോ ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റത്തിന് ഇരയാവുകയാണെങ്കില്‍ അതേക്കുറിച്ച് ഉറക്കെപ്പറയാന്‍, അതേക്കുറിച്ച് ബോധവാന്മാരാകാന്‍, അത് ശരിയല്ല എന്ന് പറയാന്‍ അവര്‍ പ്രാപ്തരായി എന്നത് തന്നെയാണ് ഏറ്റവും വലിയ മാറ്റമെന്നും താരം വ്യകതമാകുന്നു. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഒരുപാടു കാര്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതുകൊണ്ട് മോശം പ്രവര്‍ത്തികള്‍ ചെയ്യുന്നതിനുമുമ്പ് ആളുകള്‍ രണ്ടുവട്ടം ചിന്തിക്കും എന്ന് കൂടി താരം പറയുന്നു.

ലൈംഗിക ആക്രമണങ്ങളിലും ലൈംഗിക കൊലപാതകങ്ങളിലും കൂടുതലായും ഇരകളാകുന്നത് സ്ത്രീകളാണ്. മാധ്യമങ്ങളിലും മറ്റും വരുന്ന വാര്‍ത്തകളിലും ഇരയായി ചൂണ്ടി കാണിക്കുന്നതും സ്ത്രീകളെ ആണ്. ഇരകളാകുന്നത് കൂടുതല്‍ ശതമാനവും സ്ത്രീകളാണ്എന്നത് വാസ്തവം തന്നെയാണ് . എന്നാല്‍ ഇതിനര്‍ത്ഥം പുരുഷന്മമാര്‍ ഇരകളാകുന്നില്ല എന്നല്ല. ജോലി സ്ഥലങ്ങളിലും മറ്റ് മേഖലകളിലും പുരുഷന്മാരും പലവിധ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. ഇതില്‍ ലൈംഗിക അതിക്രമങ്ങളും ഉള്‍പ്പെടുന്നു. നീതിക്കായി പോരാടുമ്പോള്‍ അത് ഒരു കൂട്ടര്‍ക്ക് വേണ്ടി മാത്രമാകരുത്. ഇരക്കൊപ്പമാണ് നാം നില്‍ക്കേണ്ടത്. അത് സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ. ശരിയായ നീതി ലഭിക്കാനുള്ള അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെയാണ്. സണ്ണി വ്യക്തമാക്കുന്നു.

Related posts