സണ്ണി ഡിയോളിനെ നായകനാക്കി സംവിധായകൻ എം. പത്മകുമാർ ഹിന്ദിയിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘സൂര്യ’ സിനിമയുടെ ടീസർ എത്തി. ജോജു ജോർജ്–പത്മകുമാർ ചിത്രം ‘ജോസഫി’ന്റെ ഹിന്ദി റീമേക്ക് ആണിത്.
എം. എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് നിർമിക്കുന്ന ചിത്രത്തിൽ മലയാളികൾക്ക് പരിചിതരായ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. സണ്ണി ഡിയോളിനൊപ്പം രവി കിഷൻ, ജിഷു സെൻഗുപ്ത, ടിനു ആനന്ദ്, മനേഷ് വാദ്വ, രോഹിത് തിവാരി, അനൂപ് ത്രിവേദി, പ്രഗ്യ ജയ്സ്വാൾ, തനുശ്രീ ചക്രവർത്തി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ജോജു ജോർജിന്റെ കരിയർ ബെസ്റ്റ് ചിത്രം ‘ജോസഫ്’, പൃഥ്വിരാജിന് തന്റെ ആദ്യ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി കൊടുത്ത ‘വാസ്തവം’, മോഹൻലാലിന്റെ ‘ശിക്കാർ’ റോഷൻ മാത്യുവിന്റെ ‘ഉയിർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എം. പത്മകുമാർ.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് തുണ്ടിയിൽ ആണ്. ബല്ലു സലൂജയാണ് എഡിറ്റർ.കരൺ റസ്ദാൻ, നീരജ് പഥക്, മായങ്ക് ശർമ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്.
ഉത്തം സിങ്, രഞ്ജിൻ രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. പശ്ചാത്തല സംഗീതം ഉത്തം സിംഗിന്റേതാണ്.എം. എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് നിർമിക്കുന്ന ചിത്രം സീ സിനിമാസ് ആണ് വിതരണം ചെയ്യുന്നത്.
