സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ സിനിമയാകുമോയെന്ന് ഉറ്റു നോക്കുകയാണ് മലയാളികള്‍.
പുസ്തകം സിനിമയാക്കാന്‍ താല്‍പര്യപ്പെട്ട് ചിലര്‍ എത്തിയിരുന്നുവെന്ന് തൃശൂര്‍ കറന്റ് ബുക്‌സ് അധികൃതര്‍ വെളിപ്പെടുത്തി.
അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ പതിപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിറ്റുതീര്‍ന്നു. രണ്ടാം പതിപ്പ് ഉടന്‍ പുറത്തിറങ്ങുമെന്നും സിനിമയാക്കാന്‍ താല്‍പര്യപ്പെട്ട് ചിലര്‍ സമീപിച്ചിരുന്നെന്നും അധികൃതര്‍ പറയുന്നു.
സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്.
സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങള്‍ക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നര്‍ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങള്‍ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ശിവശങ്കര്‍ നല്‍കിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളില്‍ എടുത്ത ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തൃശൂര്‍ കറന്റ് ബുക്‌സാണ് പുസ്തകം പുറത്തിറക്കിയത്.
ആത്മകഥ സിനിമയാകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെ ആരാകും സ്വപ്‌നയായി അഭിനയിക്കുന്നതെന്ന ചോദ്യമുയര്‍ന്നിരിക്കുകയാണ്.