അത്ഭുതതാരം! ആലുവപ്പുഴ നീന്തിക്കയറി അഞ്ചരവയസുകാരി; അഗാതഗര്‍ത്തങ്ങളുള്ള പെരിയാര്‍ ഈ കൊച്ചുമിടുക്കി നീന്തിക്കയറിയത് 24 മിനിറ്റുകൊണ്ട്

റിയാസ് കുട്ടമശേരി
SWIMMING
ആലുവ: നിറഞ്ഞൊഴുകുന്ന ആലുവപ്പുഴ കുറുകെ നീന്തിക്കയറി അഞ്ചരവയസുകാരി അത്ഭുതതാരമായി. ഇന്നു രാവിലെയാണ് ആലുവയെ സാക്ഷിയാക്കി മണലെടുത്ത് അഗാതഗര്‍ത്തങ്ങളുള്ള പെരിയാര്‍ ഈ കൊച്ചുമിടുക്കി 24 മിനിറ്റുകൊണ്ട് നീന്തിക്കയറിയത്. ഇരുകരകളിലും നിന്ന കാണികള്‍ ശ്വാസമടക്കിയാണ് ഈ സാഹസിക നീന്തല്‍ കണ്ടുനിന്നത്. ഇതോടെ ഏലൂര്‍ മഞ്ഞുമ്മല്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് പബ്ലിക് സ്കൂളിലെ യുകെജി വിദ്യാര്‍ഥിനിയായ നിവേദിത പെരിയാര്‍ നീന്തി കീഴടക്കിയ ഏറ്റവും പ്രായംകുറഞ്ഞ താരമായി. ഇതു നീന്തലിനെ ഒരു ജനകീയ ദൗത്യമാക്കി ഏറ്റെടുത്ത പ്രമുഖ നീന്തല്‍ പരിശീലകന്‍ ആലുവ സ്വദേശി സജി വാളശേരിയുടെ അംഗീകാരത്തില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി.

അപ്പോളോ ടയേഴ്‌സ് ജീവനക്കാരന്‍ ഏലൂര്‍ ഉദ്യോഗമണ്ഡല്‍ മാടപ്പറമ്പില്‍ ഇ.എസ്. സജീന്ദ്രന്റെയും ജിഷയുടെയും മകളാണ് നിവേദിത. നീന്തലിനോടുള്ള താല്‍പര്യം കണക്കിലെടുത്ത് നിവേദിതയെ പെരിയാറിലെ പരിശീലകനായ സജിയെ ഏല്‍പ്പിക്കുകയായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി 13 തവണ ഈ മിടുക്കി പെരിയാര്‍ മുറിച്ചു കടന്നിരുന്നു. മണല്‍കൊള്ളയുടെ ഭാഗമായി ആഴത്തിലുള്ള മരണക്കുഴികളുള്ള ഭാഗത്തായിരുന്നു ഈ അഞ്ചുവയസുകാരിയുടെ സാഹസിക നീന്തല്‍. ആലുവ വാളാശേരിയില്‍ റിവര്‍ സ്വിമ്മിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ സൗജന്യ നീന്തല്‍ പരിശീലന പരിപാടിയുടെ ഭാഗമായിരുന്നു നിവേദിതയുടെ ചരിത്രത്തിലേക്കുള്ള ഈ നീന്തല്‍.

ഇന്നു രാവിലെ ഒന്‍പതുമണിയോടെ അദൈ്വതാശ്രമം കടവില്‍ നിന്നും മറുകരയായ ശിവരാത്രി മണപ്പുറം ലക്ഷ്യമാക്കിയായിരുന്നു നീന്തല്‍. ആശ്രമത്തിലെ ജയന്‍ശാന്തി ഈ സാഹസിക ഉദ്യമം ഫഌഗ് ഓഫ് ചെയ്തു. കണ്ടുനിന്ന കാണികള്‍ കൈയടിയോടുകൂടി നിവേദിതയെ നീന്താന്‍ പ്രോത്സാഹിപ്പിച്ചു. മണപ്പുറത്ത് നീന്തിയെത്തിയ മിടുക്കിയെ അവിടെ കൂടിനിന്നവര്‍ ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു. ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം നിവേദിതയ്ക്ക് നാടിന്റെ സ്‌നേഹോപഹാരം സമര്‍പ്പിച്ചു. അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോയി, ഏലൂര്‍ നഗരസഭ കൗണ്‍സിലര്‍ കാര്‍ത്തികേയന്‍ എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. ആലുവയിലെ വന്‍ പൗരവാലി ചടങ്ങുകള്‍ക്ക് സാക്ഷിയായി.

മുങ്ങിമരണങ്ങള്‍ പതിവായ പശ്ചാത്തലത്തിലാണ് തികച്ചും സൗജന്യമായി കുട്ടികളടക്കമുള്ളവരെ നീന്തല്‍ പഠിപ്പിക്കാന്‍ സജി വാളാശേരി മുന്നോട്ടുവന്നത്. ഏഴു വര്‍ഷത്തിനിടെ എണ്ണൂറോളം കുട്ടികളെ സജി നീന്തല്‍ അഭ്യസിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഇരുന്നുറോളം പേര്‍ പെരിയാര്‍ നീന്തി കടന്ന് കരുത്ത് തെളിയിക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് നിവേദിത പെരിയാര്‍ നീന്തി കയറിയത്. നേരത്തെ അന്ധതയെ തോല്‍പിച്ച് എട്ടാം ക്ലാസുകാരനായ നവനീതും ന്യൂറോ സര്‍ജറിക്ക് വിധേയയായ ഇടതുകാലിന്റെ പേശികള്‍ക്ക് ബലമില്ലാത്ത ഏഴുവയസുകാരി കൃഷ്ണയും പെരിയാര്‍ നീന്തി കടന്നത് സജിയുടെ ശിക്ഷ്യഗണങ്ങളിലെ അത്ഭുത താരങ്ങളാണ്.

നിവേദിതയുടെ നീന്തല്‍ പ്രകടനത്തിനായി എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. സ്കൂബ ഡ്രൈവേഴ്‌സ് ബോട്ടില്‍ രക്ഷാദൗത്യവുമായി പുഴയിലുണ്ടായിരുന്നു. ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സും ഏര്‍പ്പെടുത്തിയിരുന്നു. അദൈ്വതാശ്രമ കടവില്‍ നിന്നും മണപ്പുറം കടവിലേക്കുള്ള 200 മീറ്റര്‍ ദൂരമാണ് നിവേദിത നീന്തി കീഴടക്കിയത്. കൂട്ടുകാരിയുടെ സാഹസിക പ്രകടനം നേരില്‍ കാണാന്‍ നിവേദിത പഠിക്കുന്ന ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് സ്കൂളിലെ കുട്ടികള്‍ അധ്യാപകരോടൊപ്പം എത്തിയിരുന്നു.

Related posts