അതിരമ്പുഴ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഒമ്പതു വർഷം മുമ്പ് അതിരമ്പുഴയിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം (ടേക് എ ബ്രേക്ക്) അടഞ്ഞുകിടക്കുന്നത് വീണ്ടും ചർച്ചയാകുന്നു. അതിരമ്പുഴ പഞ്ചായത്ത് പച്ചക്കറി ചന്തയിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം മാസങ്ങളായി അടഞ്ഞുകിടക്കുന്നതു സംബന്ധിച്ച വിവാദം തുടരുമ്പോഴാണ് ടേക്ക് എ ബ്രേക്ക് വീണ്ടും ചർച്ചയാകുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ച ഡിസ്കവർ കോട്ടയം പദ്ധതിയുടെ ഭാഗമായുള്ള കനാൽ ടൂറിസം പദ്ധതിയിൽ പെണ്ണാർതോടിനെ ഉൾപ്പെടുത്തിയതോടെയാണ് അതിരമ്പുഴയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കു വേണ്ടി ചന്തക്കടവിൽ ബോട്ട്ജെട്ടിയും വിശ്രമകേന്ദ്രവും നിർമിച്ചത്. ചന്തക്കടവിൽ പഴയ ബോട്ട്ജെട്ടി നിലനിന്നിരുന്ന പഞ്ചായത്തുവക സ്ഥലം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് വിട്ടുനൽകിയാണ് ടേക് എ ബ്രേക്ക് നിർമിച്ചത്.
ഒന്നാം പിണറായി സർക്കാർ ചുമതലയേറ്റശേഷം 2017 നവംബർ മൂന്നിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം നിർവഹിച്ചത്.എന്നാൽ, പിണറായി സർക്കാർ ഈ കനാൽ ടൂറിസം പദ്ധതിയെ അവഗണിക്കുകയായിരുന്നു. ടേക് എ ബ്രേക്കിന്റെ നടത്തിപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്തു. അവിടെ ബേക്കറിയും റസ്റ്ററന്റും വന്നതല്ലാതെ ടൂറിസ്റ്റുകൾ വന്നില്ല.
ടേക് എ ബ്രേക്കിന്റെ ടോയ്ലറ്റ് സൗകര്യം നാട്ടുകാർക്കോ അതിരമ്പുഴ വഴി കടന്നുപോകുന്ന യാത്രക്കാർക്കോ ലഭ്യമായതുമില്ല. നിലവിൽ ബേക്കറിയും റസ്റ്ററന്റും അടഞ്ഞുകിടക്കുകയാണ്. എല്ലാവർഷവും സ്വകാര്യവ്യക്തി ഡിടിപിസിയുമായുള്ള കരാർ പുതുക്കി ടേക് എ ബ്രേക്ക് കൈവശപ്പെടുത്തിയിരിക്കുന്നതായാണ് അറിയുന്നത്.
ടേക് എ ബ്രേക്ക് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഡിടിപിസി അന്വേഷിക്കുന്നില്ല. സഞ്ചാരികൾക്കോ യാത്രക്കാർക്കോ ഒരു ദിവസം പോലും പദ്ധതി പ്രയോജനപ്പെടാഞ്ഞിട്ടും പഞ്ചായത്ത് അധികൃതർ ചെറുവിരലനക്കിയിട്ടുമില്ല. ഈ ടേക്ക് എ ബ്രേക്ക് നിലനിൽക്കെയാണ് ആൾക്കാർ എത്തിപ്പെടാൻ യാതൊരു സാധ്യതയുമില്ലാത്ത പച്ചക്കറി ചന്തയിൽ പഞ്ചായത്ത് 30 ലക്ഷം രൂപ മുടക്കി മറ്റൊരു ടോയ്ലറ്റ് ബ്ലോക്ക് നിർമിച്ച് അടച്ചിട്ടിരിക്കുന്നത്.
