പ്രാര്‍ഥനകള്‍ വിഫലമായില്ല, ലോകം മുഴുവന്‍ കാത്തിരുന്ന ആ 12 കുട്ടികളും കോച്ചും സുരക്ഷിതമായ പുറത്തെത്തി, ഒരേ മനസോടെ ലോകം കൈകോര്‍ത്തപ്പോള്‍ വിജയിച്ചത് സമാനതകളില്ലാത്ത ദൗത്യം

ലോകം പ്രാര്‍ഥനയോടെ കാത്തിരിക്കെ മരണം പതിയിരുന്ന ഗുഹാവഴികള്‍ താണ്ടി അവര്‍ മുഴുവന്‍പേരും പുറത്തെത്തിയിരിക്കുന്നു. വടക്കന്‍ തായ്ലന്‍ഡിലെ ഗുഹാസമുച്ചയത്തില്‍ രണ്ടാഴ്ചമുമ്പ് അകപ്പെട്ട 12 കുട്ടികളെയും അവരുടെ ഫുട്‌ബോള്‍ പരിശീലകനെയും സുരക്ഷിതമായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവസാനത്തെ കുട്ടിയും ഇരുപത്തിയഞ്ചുകാരനായ പരിശീലകനും പുറത്തെത്തിയതായി അറിയിപ്പെത്തിയതോടെ ലോകം ആശ്വാസംകൊണ്ടു. മരണത്തെ മുഖാമുഖം ദര്‍ശിച്ച 18 ദിവസത്തെ ഗുഹാവാസത്തിനു ശേഷമാണ് കുട്ടികളും പരിശീലകനും ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുന്നത്. ഇവരെ എല്ലാവരെയും ചിയാംഗ് റായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകുന്നേരം നാല് പേരെ രക്ഷപെടുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ഒരു കുട്ടിയേയും വൈകുന്നേരം മൂന്നു പേരെയും പുറത്തെത്തിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആദ്യം മൂന്നു പേരെയും പിന്നീട് അവശേഷിച്ച കുട്ടിയെയും പരിശീലകനെയും പുറത്തെത്തിച്ചു. വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീമിലെ 11 മുതല്‍ 16 വരെ പ്രായമുള്ള 12 കുട്ടികളും ഇരുപത്തിയഞ്ചുകാരനായ കോച്ചുമാണ് താം ലുവാംഗ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്.

അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടര്‍ന്നായിരുന്നു ഇവര്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടത്. മഴയില്‍ ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കു വരാന്‍ കഴിയാതായി. എട്ടു കിലോമീറ്റര്‍ നീളവും നിരവധി വഴികളും അറകളുമുള്ള തം ലുവാംഗ് ഗുഹ മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങുക പതിവാണ്.

ഗുഹയില്‍ വെള്ളം ഉയര്‍ന്നതോടെ കുട്ടികള്‍ ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റര്‍ ഉള്ളിലേക്കു പോയി. ഇതോടെ രക്ഷാപ്രവര്‍ത്തനം സാധ്യമല്ലാതായി. രക്ഷാ പ്രവര്‍ത്തനത്തിനിടെ തായ് മുന്‍ നാവികസേനാംഗവും മുങ്ങല്‍ വിദഗ്ധനുമായ സമാന്‍ ഗുണാന്‍ വെള്ളിയാഴ്ച പ്രാണവായു കിട്ടാതെ മരിച്ചത് രക്ഷാപ്രവര്‍ത്ത കരെയാകെ ആശങ്കയിലാഴ്ത്തി.

ലോകം പ്രാര്‍ഥിച്ച രണ്ടാഴ്ച

കഴിഞ്ഞ 18 ദിവസമായി ലോകത്തിന്റെ മുഴുവന്‍ കണ്ണും വടക്കന്‍ തായ്ലന്‍ഡിലെ ചിയാംഗ് റായ് പ്രവിശ്യയിലെ ഡോയ് നാംഗ് മലനിരകള്‍ക്കടിയിലുള്ള തം ലുവാംഗ് ഗുഹാസമുച്ചയത്തിന്റെ പ്രവേശനകവാടത്തിലായിരുന്നു. വൈല്‍ഡ് ബോര്‍ എന്ന ഫുട്‌ബോള്‍ ടീമിലെ 11നും 16നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും അവരുടെ ഇരുപത്തഞ്ചുകാരനായ കോച്ചും ഈ ഗുഹയില്‍ കുടുങ്ങിയത് ജൂണ്‍ 23നാണ്.

കുട്ടികളെ പുറത്തെത്തിച്ചത് ഇങ്ങനെ

ഗുഹയിലെ വെള്ളം വറ്റിച്ചുതീര്‍ത്ത് കുട്ടികളെ നടത്തി പുറത്തെത്തിക്കാമെന്നായിരുന്നു കരുതിയിരുന്നത്. ഇതിന് ഏറെ കാലമെടുക്കും. മഴക്കാലം തുടങ്ങിയാല്‍ ഗുഹയില്‍ വീണ്ടും വെള്ളം പൊങ്ങി കുട്ടികള്‍ അപകടത്തിലാകും. ഗുഹയില്‍ ഓക്‌സിജന്‍ കുറയുന്നതും കണക്കിലെടുത്തു. ഇനിയും കാത്തിരിക്കേണ്ടെന്നു തായ് അധികൃതര്‍ തീരുമാനിച്ചു. രക്ഷിതാക്കളുടെ സമ്മതം വാങ്ങി കുട്ടികളെ പുറത്തെത്തിക്കാനുള്ള ദൗത്യം ഞായറാഴ്ച ആരംഭിച്ചു.

രാവിലെ ഡോക്ടര്‍ കുട്ടികളുടെ ആരോഗ്യ- മാനസിക നില പരിശോധിച്ച് ഉറപ്പുവരുത്തി. 13 അന്താരാഷ്ട്ര മുങ്ങല്‍ വിദഗ്ധരും തായ് നാവികസേനയിലെ അഞ്ചു മുങ്ങല്‍ വിദഗ്ധരും ഗുഹയ്ക്കുള്ളിലേക്കു തിരിച്ചു.

മുങ്ങാംകുഴിയിടല്‍, നടത്തം, കയറ്റം തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടതായിരുന്നു രക്ഷാപ്രവര്‍ത്തനം. ഒരു കുട്ടിക്ക് രണ്ടു മുങ്ങല്‍ വിദഗ്ധര്‍വച്ചുണ്ടായിരുന്നു. രണ്ടു പേര്‍ക്കും മധ്യത്തില്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ച കുട്ടി. മുന്നിലുള്ള മുങ്ങല്‍ വിദഗ്ധന്‍ തനിക്കുവേണ്ട ഓക്‌സിജന്‍ ടാങ്ക് പുറത്തും, കുട്ടിക്കുവേണ്ടത് കൈയിലും പിടിച്ചു. കയറുകൊണ്ട് കുട്ടിയെയും തന്നെയും ബന്ധിച്ചു. കാര്യങ്ങള്‍ നിരീക്ഷിച്ച് രണ്ടാമത്തെ മുങ്ങല്‍വിദഗ്ധന്‍ പിന്നില്‍. ഗുഹയിലുടനീളം സ്ഥാപിച്ചിരുന്ന കയറില്‍ പിടിച്ച് മൂവരും മുന്നോട്ട്.

വഴിയുടെ മധ്യഭാഗത്തായുള്ള ടി-ജംഗ്ഷന്‍ എന്നയിടത്താണ് ഏറെ ബുദ്ധിമുട്ട് നേരിട്ടത്. മുങ്ങല്‍ വിദഗ്ധര്‍ക്കുപോലും കടക്കാന്‍ ബുദ്ധിമുട്ടുള്ളവിധം ഇടുങ്ങിയ സ്ഥലം. ഇവിടവും കഴിഞ്ഞ് മൂന്നാം ചേന്പര്‍ എന്ന സ്ഥലത്ത് എത്തിയതോടെ ദൗത്യം ഏതാണ്ടു വിജയകരം. തുടര്‍ന്നുള്ള ദൂരം നടന്നു പുറത്തിറങ്ങാം. ഇന്ത്യന്‍ സമയം വൈകുന്നേരം ആറോടെ കുട്ടികള്‍ ഓരോന്നായി പുറത്തിറങ്ങിത്തുടങ്ങി.

അപകടം നിറഞ്ഞഗുഹ

എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട് ഈ ഗുഹയ്ക്ക്. ജൂണ്‍ 23നു സംഘം കയറിയതിനു പിന്നാലെ പെയ്ത കനത്ത മഴയില്‍ ഗുഹാകവാടം മുങ്ങി. സുരക്ഷതേടി സംഘം കൂടുതല്‍ ഉള്ളിലേക്കു പോയി. പത്തുദിവസത്തിനുശേഷം കുട്ടികളെ കണ്ടെത്തുന്‌പോള്‍ നാലു കിലോമീറ്റര്‍ ഉള്ളിലായിരുന്നു ഇവര്‍. പട്ടായബീച്ച് എന്നു വിളിക്കപ്പെടുന്ന ഒരു ഉയര്‍ന്ന പാറക്കെട്ടിലാണ് സംഘം അഭയം തേടിയത്. ഗുഹയിലെ വെള്ളപ്പൊക്കമാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിട്ട ഏറ്റവും വലിയ തടസം. ചില ഇടുങ്ങിയ ഭാഗങ്ങ ളില്‍ ഓക്‌സിജന്‍ ടാങ്കുമായി കട ന്നു പോകാനും മുങ്ങല്‍ വിദഗ്ധര്‍ ബുദ്ധിമുട്ട് നേരിട്ടു.

Related posts