പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോൾ മകന് മാതാപിതാക്കൾ നൽകിയ സമ്മാനം കണ്ട് എല്ലാവരും കണ്ണ് തള്ളി. 18 വയസ് പൂർത്തി ആകും മുൻപ്തന്നെ തങ്ങളുടെ മകൻ അർണവിന് മഹീന്ദ്ര താർ റോക്സ് എസ്യുവി കാറാണ് സമ്മാനമായി നൽകിയത്. സമ്മാനം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പരീക്ഷ കഴിഞ്ഞ് അർണവിനെ അവന്റെ മാതാപിതാക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനായി സ്കൂളിലേക്കെത്തി. തിരിച്ച് അവർ അർണവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയരികിൽ അവർ സഞ്ചരിച്ച കാർ നിർത്തുകയും അവന്റെ അമ്മ ഇടവഴിയിൽ പാർക്ക് ചെയ്തിരുന്ന താർ ചൂണ്ടിക്കാട്ടി ഇതാണ് നമ്മുടെ പുതിയ വണ്ടിയെന്ന് അവനോട് പറഞ്ഞു.
പരീക്ഷയുടെ സമ്മർദത്തിൽ ആണ്ടിരുന്ന അവന് തീർത്തും ഇതൊരു വലിയ ആശ്വാസമായിരുന്നു. കാർ കണ്ടതോടെ അർണവും സന്തോഷം അടക്കാനാവാതെ ഇരുന്നു. വീഡിയോ വൈറലായതോടെ കുട്ടിയുടെ മാതാപിതാക്കളെ വിമർശിച്ച് ധാരാളം ആളുകൾ രംഗത്തെത്തി. പ്രായപൂർത്തി ആകുന്നതിനു മുൻപേ നിങ്ങൾ അവന് എന്തിനാണ് താർ പോലെയുള്ള വണ്ടികൾ വാങ്ങിക്കൊടുക്കുന്നതെന്നാണ് പലരും ചോദിച്ചത്.
ചിലർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ഈ പോസ്റ്റിൽ ടാഗ് ചെയ്തുകൊണ്ട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. 25 വയസിനു താഴെയുള്ളവർക്ക് താർ പോലുള്ള വാഹനങ്ങൾ ഓടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മയാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടായതെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, നിലവിൽ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.
