രന്തംപുര്‍ ദേശീയോദ്യാനത്തിലെ കാടുകളില്‍ കന്നുകാലി മേയ്ച്ച ബാല്യം; ഐപിഎസായ മൂത്തസഹോദരന്റെ പാത പിന്തുടര്‍ന്ന് ഐഎഎസ് സ്വന്തമാക്കി; ഔദ്യോഗിക ജീവിതം തുടങ്ങിയത് മലപ്പുറം സബ് കളക്ടറായി; സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ ജീവിതം…

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം മുതല്‍ കേരളം ചര്‍ച്ച ചെയ്യുന്ന പേരാണ് ടീക്കാറാം മീണ ഐഎഎസിന്റേത്. സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ മീണ. പുറത്തു വിട്ട തിരഞ്ഞെടുപ്പ് ചട്ടങ്ങളാണ് അദ്ദേഹത്തിന്റെ പേര് ചര്‍ച്ചകളില്‍ സജീവമാക്കിയത്. ക്ഷേത്രം,മതം,ദൈവം തുടങ്ങിയവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മീണ ഉത്തരവിട്ടത്. കത്തി നില്‍ക്കുന്ന ശബരിമല വിഷയം പരാമര്‍ശിച്ച് പ്രചാരണം പാടില്ലെന്നാണ് നിര്‍ദ്ദേശം. ശബരിമല മാത്രമല്ല ഒരു ആരാധനാലയങ്ങളുടെ പേരും വോട്ടുപിടിക്കാനായി ഉപയോഗിക്കരുതെന്നും സുപ്രിംകോടതി വിധി കര്‍ശനമായി നടപ്പിലാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും കത്തു നല്‍കിയതായി മീണ വ്യക്തമാക്കുന്നു. പല രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കന്മാരും ഇതിനെതിരേ പരസ്യമായി രംഗത്തു വരുകയും ചെയ്തു.

ഈ അവസരത്തിലാണ് മീണ ആരാണെന്ന ചരിത്രം അറിയേണ്ടത്. മീണയുടെ ജീവിതം തുടങ്ങുന്നത് രാജസ്ഥാനിലെ സവായ് മഥോപൂരിലെ കാടുകളില്‍ നിന്നാണ്. ഒരു കഥകളെ വെല്ലുന്ന തരത്തിലുള്ള ജീവിതമാണ് മീണയുടേത്. സവായ് മഥോപൂരിലെ കര്‍ഷകനായ ജയ്‌റാം മീണയുടെ ആറു മക്കളില്‍ ഏറ്റവും ഇളയവനായിട്ടാണ് ടീക്കാറാം ജനിച്ചത്. കുടുംബത്തിലെ കന്നുകാലികളെ രന്തംപൂര്‍ ദേശീയോദ്യാനത്തിലെ വനത്തില്‍ കൊണ്ടു പോയി മേയ്ച്ചായിരുന്നു ടീക്കാറാം ബാല്യകാലം കടന്നത്.

പ്രധാന നഗരങ്ങില്‍ നിന്നും അകലെ ഒറ്റപ്പെട്ടു കിടന്ന തന്റെ ഗ്രാമത്തില്‍ റോഡുകള്‍ പോലുമില്ലായിരുന്നുവെന്ന് മീണ പറയുന്നു… പിതാവിന് ഉള്ള ഒരു ചെറിയ തുണ്ടു ഭൂമിയില്‍ കൃഷി ചെയ്തായിരുന്നു ജീവിതം കഴിച്ചു കൂട്ടിയിരുന്നത്. മൂന്നു സഹോരന്മാരും രണ്ടു സഹോദരമാരും ഞാനും കൂടി നിരക്ഷരരായ മാതാപിതാക്കളെ കൃഷിയില്‍ സഹായിക്കുമായിരുന്നു.ഒരു തരത്തില്‍ കൈമെയ് മറന്ന് നിലനില്‍പ്പിനായുള്ള ഒരു പോരാട്ടമായിരുന്നു അത്.” ഒരു പത്രത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ മീണ പറഞ്ഞതായിരുന്നു ഇത്.

നിരക്ഷരനായിരുന്നെങ്കിലും തന്റെ ആറു മക്കൡ രണ്ടു പേര്‍ക്കെങ്കിലും നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് ആ ദരിദ്ര കര്‍ഷകന്‍ മനസില്‍ ഉറപ്പിച്ചിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ നടത്തിയ പ്രസംഗമായിരുന്നു ജയ്‌റാം മീണയ്ക്ക് അക്കാര്യത്തില്‍ പ്രചോദനം. ജയ്‌റാംമീണയുടെ മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു ടീക്കാറാം. രത്തന്‍ലാല്‍ മൂത്തവനും. ജയ്‌റാം മീണയുടെ പ്രതീക്ഷകള്‍ ഈ രണ്ടുപേരിലായിരുന്നു.

വിദ്യാഭ്യാസ സൗകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമത്തിന്റെ പ്രതിസന്ധികളോടു പടപൊരുതി തന്റെ രണ്ടു മക്കളെയും ജയ്‌റാം മീണ മുന്നോട്ടു നയിച്ചു. അതിന്റെ ഫലമായിരുന്നു ആ സഹോദരന്മാരുടെ ജീവിതത്തിലുണ്ടായ പുരോഗതി. മൂത്തമകന്‍ രത്തന്‍ലാല്‍ ഐപിഎസ് ഓഫീസറായി ജ്യേഷ്ഠന്റെ പാത പിന്‍തുടര്‍ന്ന് സിവില്‍ സര്‍വീസ് എഴുതിയ ടീക്കാറാം മീണ ഐഎഎസുമായി.

മലപ്പുറത്ത് സബ് കളക്ടറായായിരുന്നു ആദ്യ നിയമനം. മലയാളം അറിയാത്തതിനാല്‍ ആദ്യമൊക്കെ വളരെയധികം ബുദ്ധിമുട്ടിയതായി ടീക്കാറാം പറയുന്നു.എന്നാല്‍ 15 വര്‍ഷം കേരളത്തില്‍ കഴിഞ്ഞതോടെ മലയാളം പച്ചവെള്ളം പോലെ വശമായി. 2000 മുതല്‍ 2007വരെ പ്ലാനിംഗ് കമ്മീഷനിലും പ്രൈം മിനിസ്റ്ററിന്റെ എക്കണോമിക് അഡൈ്വസറി കൗണ്‍സിലും ടീക്കാറാം പ്രവര്‍ത്തിച്ചു. അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്നാണ് ഇപ്പോള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പദവിയിലേക്ക് മീണ എത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന ഈ വേളയില്‍ മീണയുടെ നിലപാടുകള്‍ എന്താകുമെന്ന ആകാംക്ഷയിലാണ് കേരളത്തിലെ പ്രമുഖ പാര്‍ട്ടികളെല്ലാം.

Related posts