ദുബായ്: ദുബായ്, അബുദാബി, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ഇറാന്റെ അതിശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍. ഇറാന്റെ പ്രകൃതിവാതകകേന്ദ്രങ്ങള്ക്കുനേരേയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നാലെ, പ്രത്യാഘാതം നിയന്ത്രണാതീതമായിരിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഗള്‍ഫ് നഗരങ്ങളെ ലക്ഷ്യമാക്കി ആക്രമണമുണ്ടായത്.
ദുബായ് നഗരത്തിനു മുകളിലെത്തിയ മിസൈലുകളെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തകര്‍ത്തെന്ന് യുഎഇ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കുവൈറ്റിലും സമാനരീതിയില്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടന്നു. സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയായ അല്‍-ജൗഫിലും ഡ്രോണ്‍ ആക്രമണം തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ റാസ് ലഫാന്‍ എല്‍എന്‍ജി പ്ലാന്റിനുനേരേയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഖത്തറിന്റെ വാതക കയറ്റുമതിയില്‍ 17 ശതമാനം കുറവുണ്ടായി. ഏകദേശം 200 കോടിയുടെ വാര്ഷികനഷ്ടമാണ് ഖത്തറിനുണ്ടാകുന്നത്. തകരാറുകള്‍ പരിഹരിക്കാന്‍ അഞ്ചുവര്‍ഷമെങ്കിലും എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ബഹ്റിന് 139 ബാലിസ്റ്റിക് മിസൈലുകളും 238 ഡ്രോണുകളും വെടിവച്ചിട്ടു.
ഹിസ്ബുള്ള-ഇറാന്തീവ്രവാദ ശൃംഖല തകര്‍ത്തു
യുഎഇയുടെ സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ചിരുന്ന ഹിസ്ബുള്ള-ഇറാന് അനുകൂല തീവ്രവാദ ശൃംഖലയെ യുഎഇ സുരക്ഷാവിഭാഗം തകര്‍ത്തു. ഒരു വ്യാജ വാണിജ്യസ്ഥാപനത്തിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പിലെ മുഴുവന്‍ അംഗങ്ങളെയും കസ്റ്റഡിയിലെടുത്തു. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന നീക്കമാണിതെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി.
മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് യുഎഇയ്ക്കും കുവൈറ്റിനുമായി 16.46 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം അമേരിക്ക പ്രഖ്യാപിച്ചു. ഇതിനുപുറമെ, അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തുനിന്ന് നാലായിരത്തോളം നാവികരെയും യുദ്ധക്കപ്പലുകളെയും പശ്ചിമേഷ്യയിലേക്ക് അയയ്ക്കാന്‍ നീക്കമുണ്ട്. അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങളും മിസൈലുകളും സജ്ജമാക്കിയ സംഘമാണു മേഖലയിലേക്കെത്തുന്നത്.
ഇറാനെതിരേ സൗദി
ഇറാന്റേതു ക്രൂരമായ അധിനിവേശമാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് ആരോപിച്ചു.മേഖലയില്‍ അസ്ഥിരതയുണ്ടാക്കാന്‍ ഇറാന് ശ്രമിക്കുകയാണെന്നും ഇത് അന്താരാഷ്ട്ര തലത്തില്‍ ഇറാന്റെ ഒറ്റപ്പെടലിനു കാരണമാകുമെന്നും ഫര്ഹാന് മുന്നറിയിപ്പ് നല്കി.
അയല്‍രാജ്യങ്ങളെ ബ്ലാക്ക്മെയില്‍ ചെയ്യുന്ന ഇറാന്റെ നയം അംഗീകരിക്കാനാവില്ലെന്നും ഫര്ഹാന് കൂട്ടിച്ചേര്‍ത്തു.
