കോവിഡ് വൈറസ് തലച്ചോറിനെയും പാന്‍ക്രിയാസിനെയും വരെ ബാധിക്കുന്നതായി കണ്ടെത്തല്‍ ! മൃതദേഹ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

കോവിഡ് വൈറസ് തലച്ചോറിനെയും പാന്‍ക്രിയാസിനെയും വരെ ഗുരുതരമായി ബാധിക്കുന്നതായി പഠന റിപ്പോര്‍ട്ട്.

കുടല്‍, കരള്‍, ശ്വാസകോശം എന്നിവയെ മാത്രമല്ല, വൃക്ക, തൈറോയ്ഡ്, പാന്‍ക്രിയാസ്, എല്ലുകള്‍, തലച്ചോര്‍ എന്നീ ഭാഗങ്ങളിലും വൈറസിന്റെ കടന്നുകയറ്റമുണ്ടാകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഭോപ്പാല്‍ എയിംസിലെ ഫൊറന്‍സിക് വിഭാഗം കോവിഡ് ബാധിച്ച് മരിച്ച 21 പേരുടെ മൃതദേഹങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പകുതിയോളം മൃതദേഹങ്ങളുടെ തലച്ചോറില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ നാലംഗസംഘത്തിലെ മലയാളി ഡോ. ജെ എസ് ശ്രാവണ്‍ പറഞ്ഞു.

ബ്ലഡ് ബ്രെയിന്‍ ബാരിയറും കടന്ന് തലച്ചോറില്‍ എത്താമെങ്കില്‍ കോവിഡ് വൈറസിന് ശരീരത്തില്‍ എവിടെവേണമെങ്കിലും പ്രവേശിക്കാനാകും.

പാന്‍ക്രിയാസിനെ കോവിഡ് ബാധിക്കുമെന്നത് ആശങ്കാജനകമാണ്. കോവിഡ് മുക്തരില്‍ പിന്നീട് പ്രമേഹം പിടിപെടാന്‍ ഇത് സാധ്യത വര്‍ധിപ്പിക്കുന്നതായി ശ്രാവണ്‍ പറഞ്ഞു.

ഡോ. ശ്രാവണിനു പുറമേ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ ഡോ. ജയന്തി യാദവ്, ഡോ. ബൃന്ദാ പട്ടേല്‍, ഡോ. മഹാലക്ഷ്മി എന്നിവരാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

ബന്ധുക്കളുടെ അനുമതിയോടെ, 25 മുതല്‍ 84 വയസ്സുവരെ പ്രായമായവരുടെ മൃതദേങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

അവയവങ്ങളില്‍നിന്നുള്ള സ്രവം ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയാണ് വൈറസ് സാന്നിധ്യം ഉറപ്പിച്ചത്.

ആരോഗ്യവകുപ്പിനും അന്താരാഷ്ട്ര ജേര്‍ണലുകള്‍ക്കും റിപ്പോര്‍ട്ട് കൈമാറി. രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടംചെയ്ത് നടത്തിയ പഠനം പൂര്‍ത്തിയാവാന്‍ നാലുമാസമെടുത്തു.

Related posts

Leave a Comment