മനുഷ്യായുസ്സ് കൂടുന്നു ! ഭാവിയില്‍ ആയുസ് 125 മുതല്‍ 130 വര്‍ഷം വരെ ആയേക്കാം;പുതിയ പഠനത്തില്‍ പറയുന്നത്…

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യരുടെ ആയുസ്സ് വര്‍ധിക്കുമെന്ന് പുതിയ പഠനം. ആയുസ്സ് 125-130 വര്‍ഷം വരെയായി ഉയര്‍ന്നേക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ മൈക്കല്‍ പീര്‍സ്, ആഡ്രിയന്‍ റാഫ്റ്ററി എന്നിവരാണ് ഇതെക്കുറിച്ച് പഠനം നടത്തിയത്.

ജര്‍മനിയിലെ പ്രശസ്തമായ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡേറ്റ ഉപയോഗിച്ചായിരുന്നു ഇവരുടെ ഗവേഷണം. ഫലങ്ങള്‍ ഡെമോഗ്രഫിക് റിസര്‍ച്ച് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു.

ചില കൗതുകകരമായ വസ്തുതകള്‍ പഠനസംഘം ഉയര്‍ത്തിക്കാട്ടുന്നു. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളില്‍ നൂറുവയസ്സിനു മേല്‍ ജീവിക്കുന്ന മനുഷ്യരുടെ എണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്.

ലോകമാകെ അഞ്ച് ലക്ഷത്തിലധികം പേര്‍ ഇത്തരത്തില്‍ ആയുസ്സ് നേടിയിട്ടുണ്ടെന്നാണു രേഖപ്പെടുത്തിയ കണക്കുകള്‍ പറയുന്നത്. എന്നാല്‍ അധികം പേരും 100 മുതല്‍ 110 വയസ്സിനിടയില്‍ അന്തരിക്കാറുണ്ടെന്നാണു പൊതുവെ കാണപ്പെടുന്നത്.

ഇന്ന് ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി 118 വയസ്സുള്ള കേന്‍ ടനാകെയാണ്. രേഖപ്പെടുത്തപ്പെട്ടവയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്നെന്ന റിക്കോര്‍ഡ് 1997ല്‍ അന്തരിച്ച ഫ്രഞ്ചുകാരി ഷാന്‍ കാല്‍മെന്റിനുള്ളതാണ്.

രണ്ടു ലോകമഹായുദ്ധങ്ങളും തന്റെ യുവത്വത്തില്‍ തന്നെ കണ്ട ഷനിന്റെ മരിക്കുമ്പോഴുള്ള പ്രായം 122 വയസ്സായിരുന്നു.

ഈ നൂറ്റാണ്ട് അവസാനിക്കുന്ന സമയമാകുമ്പോള്‍ കൂടിയ ആയുസ്സ് 125 മുതല്‍ 130 വയസ്സ് വരെയാകുമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.

2100 ആകുമ്പോഴേക്ക് ഒരു വ്യക്തിയെങ്കിലും 130 വയസ്സ് പിന്നിടും. നിലവില്‍ ആരോഗ്യ, ഭക്ഷണമേഖലകളിലുണ്ടായ ശാസ്ത്രീയമായ വികാസവും മെച്ചപ്പെട്ട രീതികളുമാണ് ഈ ദീര്‍ഘായുസ്സിനു കാരണമാകുന്നതെന്നാണു ഗവേഷകരുടെ അഭിപ്രായം.

Related posts

Leave a Comment