ഗാന്ധിയുടെ സ്വപ്‌നമായിരുന്ന ശുചിത്വഭാരതം മനസിലുള്ള എല്ലാവരും അവരെ ഓര്‍മിക്കും! തന്റെ ഗ്രാമത്തില്‍ കക്കൂസ് നിര്‍മിക്കാന്‍ മുന്‍കൈയെടുത്തയാളാണ് ഈ വനിത; തന്നെ ഏറ്റവുമധികം സ്വാധീനിച്ച സ്ത്രീയാരെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി

അങ്ങനെ വീണ്ടുമൊരു വനിതാദിനത്തിനുകൂടി ലോകം സാക്ഷ്യം വഹിക്കുകയാണ്. ഈയവസരത്തില്‍ തന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള സ്ത്രീയാരെന്ന് രാജ്യത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ആകെയുള്ള സമ്പാദ്യം വിറ്റ് സ്വഛ് ഭാരത് മിഷന്റെ ഭാഗമായി മാറിയ 106 വയസുള്ള വയോധികയെ കുറിച്ചുള്ള ഓര്‍മകളാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഛത്തീസ്ഗഡ് സ്വദേശിയായ കുണ്‍വാര്‍ ഭായി എന്ന വയോധികയാണ് മോദിയുടെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നത്.

പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് മിഷന്‍ പദ്ധതിയുടെ കീഴില്‍ തന്റെ ഗ്രാമത്തില്‍ കക്കൂസ് നിര്‍മിക്കാന്‍ മുന്‍കൈയെടുത്തയാളാണ് ഈ വയോധിക. തന്റെ ഉപജീവനമാര്‍ഗമായ ആടുകളെ വിറ്റ് കിട്ടിയ 22,000 രൂപ ഉപയോഗിച്ച് 15 ദിവസം കൊണ്ടാണ് കുണ്‍വാര്‍ ബായി കക്കൂസ് നിര്‍മിച്ചത്. ഈ ഗ്രാമത്തിലെ ആദ്യ പൊതു ശൗചാലയവും ഇതായിരുന്നെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ആ സ്ത്രീ സ്വച്ഛ് ഭാരത് മിഷന് നല്‍കിയ ഈ മഹത്തായ സംഭാവന തനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഒരിക്കല്‍ താന്‍ ഛത്തീസ്ഗഡ് സന്ദര്‍ശിച്ചപ്പോള്‍ അവരെ നേരിട്ട് കണ്ട് അനുഗ്രഹം നേടിയിരുന്നെന്നും മോദിയുടെ ട്വിറ്ററില്‍ പറയുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കുണ്‍വാര്‍ ഭായി മരണപ്പെട്ടത്. എന്നാല്‍ ഗാന്ധിയുടെ സ്വപ്നമായ ശുചിത്വ ഭാരതം എന്ന ആശയം മനസിലുള്ള എല്ലാവരുടെയും മനസില്‍ അവര്‍ ജീവിക്കുമെന്നും മോദി അനുസ്മരിച്ചു.

Related posts