കൊച്ചി: പുതുവര്‍ഷത്തില്‍ പ്രധാനമന്ത്രിയില്‍ നിന്ന് നിങ്ങള്‍ക്കൊരു സമ്മാനമുണ്ട്. ഈ സന്ദേശം കിട്ടിയവര്‍ അതില്‍ വീണുപോയാല്‍ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ ന്യൂ ഇയര്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ അയച്ചു നല്‍കിയുള്ള സാമ്പത്തിക തട്ടിപ്പില്‍ ജാഗ്രത പാലിക്കണമെന്നാണ് സൈബര്‍ പോലീസിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇത്തരം സാമ്പത്തിക തട്ടിപ്പില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ചു കേസുകളാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നാലു കേസുകള്‍ തിരുവനന്തപുരത്തും ഒരു കേസ് കൊല്ലത്തുമായാണ് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. അയ്യായിരം രൂപ വീതമാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്.
സമ്മാനം പ്രധാനമന്ത്രിയില്‍ നിന്നോ?
പി.എം. ന്യൂ ഇയര്‍ ഗിഫ്റ്റ്, സ്ക്രാച്ച് കാര്‍ഡ് എന്നിവ അയച്ചു നല്‍കിയാണ് തട്ടിപ്പ്. തട്ടിപ്പുകാര്‍ സ്ക്രാച്ച് കാര്‍ഡ് അടങ്ങിയ ലിങ്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ അയച്ചുനല്‍കും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് ഒരു നിശ്ചിത തുകയുടെ സമ്മാനം ലഭിച്ചതായി അറിയിപ്പ് ലഭിക്കും. ആ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് പിന് നമ്പര്‍ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും നമ്പര്‍ എന്റര്‍ ചെയ്യുന്നതോടുകൂടി അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നതാണ് തട്ടിപ്പു രീതി.
പൊതുജനങ്ങള്‍ ഇത്തരം തട്ടിപ്പില്‍ ജാഗ്രത പാലിക്കണമെന്നും പിഎം ഗിഫ്റ്റ് എന്ന പേരിലോ മറ്റു പേരുകളിലോ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരുവിധ സമ്മാനപദ്ധതികളും ഏര്പെടുത്തിയില്ലെന്നും സൈബര്‍ പോലീസ് അറിയിച്ചു. ഫെസ്റ്റിവല്‍ സീസണുകള്‍ മുന്നില്‍കണ്ട് പണം തട്ടിയെടുക്കുന്നതിനുള്ള തട്ടിപ്പുകാരുടെ പുതിയ തട്ടിപ്പുരീതിയാണിതെന്ന് പോലീസ് മുന്നറിയിപ്പില്‍ പറയുന്നു.
എങ്ങനെ പരാതിപ്പെടാം
ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ വിവരം അറിയിക്കണം.
സ്വന്തം ലേഖിക
