മക്കളെ നന്നായി പഠിക്കണം, എന്നെപ്പോലെയാകരുത്, സ്കൂളില്‍ കയറിയ കള്ളന്റെ വക ഉപദേശം!

kallanമാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളെ പഠിക്കണം എന്ന് പറഞ്ഞ് ഉപദേശിക്കുന്നത് സാധാരണയാണ്. എന്നാല്‍ ഇത്തരം ഉപദേശം ഒരു കള്ളനാണ് തരുന്നതെങ്കിലോ? കാസര്‍ഗോഡ് റെയില്‍വേസ്‌റ്റേഷനടുത്തുള്ള മഡോണ എയുപി സ്കൂളില്‍ കഴിഞ്ഞ ക്രിസ്മസ് ദിനം പുലര്‍ച്ചെ മോഷ്ടിക്കാന്‍ കയറിയ കള്ളനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീയായി ഉപദേശവും എഴുതി വച്ച് മടങ്ങിയത്.

ഒരാഴ്ചക്കിടെ നാല് തവണയാണ് ഈ സ്കൂളില്‍ കള്ളന്‍ കയറിയത്. നാലാം തവണയാണ് സാധനങ്ങള്‍ മോഷണം പോയതോടൊപ്പം ചുമരുകളില്‍ കള്ളന്റെ വക ഉപദേശം കിട്ടിയത്. സ്കൂളിലുണ്ടായിരുന്ന ക്യാമറ, ലാപ്‌ടോപ്പ്, മറ്റ് ചില രേഖകള്‍ എന്നിവയാണ് മോഷണം പോയത്. സ്കൂളിന്റെ പുറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ അകത്ത് കയറിയത്. ഏതാനും ക്ലാസ് മുറികളിലെ ഭിത്തികളിലാണ് കുട്ടികള്‍ക്കുള്ള ഉപദേശങ്ങള്‍ കള്ളന്‍ രേഖപ്പെടുത്തിയത്. ക്ലാസില്‍ ഉണ്ടായിരുന്ന ചുവപ്പ്, നില കളറുകളിലുള്ള സ്‌കെച്ച് പെന്നുകള്‍ കൊണ്ടായിരുന്നു എഴുത്ത്. നന്നായി പഠിക്കണം, പരീക്ഷയില്‍ കോപ്പി അടിക്കരുത്, അച്ചടക്കം ശീലിക്കണം, ക്ലാസ് മുറികള്‍ വൃത്തിയായി സൂക്ഷിക്കണം, എന്നൊക്കെയാണ് കള്ളന്‍ കുട്ടികളെ ഉപദേശിച്ചിരിക്കുന്നത്. കീപ്പ് കാം ആന്‍ഡ് സ്റ്റഡി വെല്‍ എന്ന ഇംഗ്ലീഷിലുള്ള കുറിപ്പും ഭിത്തിയില്‍ കാണാം.

ആദ്യം സ്കൂളില്‍ കള്ളന്‍ കയറിയ സമയത്ത് ഏതാനും സ്‌കെച്ച് പെന്നുകള്‍ മാത്രമാണ് മോഷണം പോയിരുന്നത്. അന്ന് പണമൊന്നും നഷ്ടപ്പെട്ടിരുന്നില്ല. തൊട്ടടുത്ത ദിവസവും സ്കൂളില്‍ കയറിയ കള്ളന്‍ കുട്ടികള്‍ കാരുണ്യപെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു. നാല് ദിവസത്തിന് ശേഷം വീണ്ടും കള്ളന്‍ സ്കൂളില്‍ കയറി. സ്കൂളിലെ സയന്‍സ് ലാബില്‍ സൂക്ഷിച്ചിരുന്ന 400 രൂപയാണ് അന്ന് നഷ്ടപ്പെട്ടത്. ക്ലാസ് മുറിയിലെ ബഞ്ച് കെട്ടിതൂക്കുക, മേശയിലും മറ്റും പെണ്‍കുട്ടികളുടെ ചിത്രം വരച്ച് വയ്ക്കുക, സ്‌കെയില്‍ ഒടിച്ച് ഗുണന ചിഹ്നം പോലെ വയ്ക്കുക, തുടങ്ങി കുട്ടികള്‍ ചെയ്യുന്നതുപോലെ ധാരാളം വികൃതികളും ഒരോ പ്രാവശ്യം വന്നപ്പോഴും കള്ളന്‍ ചെയ്തിരുന്നു. ഏതായാലും പ്രധാനാധ്യാപിക സിസ്റ്റര്‍ എ സി റോഷ്‌ന കാസര്‍ഗോഡ് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related posts