നിങ്ങള്‍ സുഖമായി ഉറങ്ങിക്കോളൂ…ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം ഞാന്‍ സ്ഥലം വിട്ടോളാം;കള്ളന്‍ പറഞ്ഞതു കേട്ട് അന്തംവിട്ട് വീട്ടുകാര്‍; പിന്നീട് നടന്നത്…

കള്ളന്മാര്‍ പലവിധമുണ്ട്. എന്തെങ്കിലും ഒരു പ്രത്യേക വസ്തു മാത്രം അടിച്ചുമാറ്റുന്ന കള്ളന്മാര്‍ മുതല്‍ വന്‍ മോഷണം നടത്തുന്നവര്‍ വരെയുണ്ട്. എന്നാല്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ മാത്രം വീടുകളില്‍ കയറുന്ന കള്ളനെ കുറിച്ച് കേട്ടിട്ടുണ്ടോ?. ചില സിനിമകളിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും അത്തരം കള്ളന്മാരുണ്ട് എന്നതാണ് യാഥാര്‍ഥ്യം. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. 19കാരനായ ഗാവിന്‍ കാര്‍വിനെന്ന കള്ളനാണ് വീട്ടില്‍ കയറി പാചകം ചെയ്യുന്നത്. എന്നാല്‍ ഒടുവില്‍ കള്ളനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പുലര്‍ച്ചെ നാല് മണിയോടെ അടുക്കളയില്‍ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. നോക്കിയപ്പോള്‍ അപരിചിതനായ ഒരാള്‍ അടുക്കളയില്‍ പാചകം ചെയ്യുന്നു. വീട്ടുകാര്‍ ഭയന്ന് ആരാണെന്ന് ചോദിച്ചു. ‘നിങ്ങള്‍ പോയിക്കിടന്ന് ഉറങ്ങിക്കോളൂ. ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം ഞാന്‍ പൊയ്ക്കോളാം’ എന്ന് കള്ളന്‍ മറുപടി നല്‍കി. ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. ഇത് മനസിലായ കള്ളന്‍ ഓടി ഇറങ്ങി വീടിന് പിന്നില്‍ ഒളിച്ചിരുന്നു. പോലീസ് എത്തി ഇയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മദ്യ ലഹരിയിലാണ് പ്രതി വീട് കുത്തി തുറന്നതെന്ന് കണ്ടെത്തി.

Related posts