Set us Home Page

അമേരിക്കയില്‍ പുതിയ ‘വിത്തിറക്കി’ ചൈന ! ചൈനയുടെ അജ്ഞാത വിത്തു പായ്ക്കറ്റുകള്‍ എത്തിയത് അമേരിക്കയിലെ ആയിരക്കണക്കിന് വീടുകളുടെ മെയില്‍ ബോക്‌സില്‍;ജൈവായുധമെന്ന് സംശയം…

കൊറോണ വൈറസിന് ലോകത്തിനു സമ്മാനിച്ച ചൈനയുടെ വക അമേരിക്കയ്ക്ക് പുതിയ സമ്മാനം. അമേരിക്കയിലെ ആയിരക്കണക്കിന് വീടുകളുടെ മെയില്‍ ബോക്‌സില്‍ എത്തിയിരിക്കുന്ന അജ്ഞാത ചൈനീസ് വിത്തുകളാണ് അമേരിക്കയെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.

പര്‍പ്പിള്‍ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉള്‍പ്പെടെ വിത്തുകള്‍ യുഎസിലെ വീടുകളില്‍ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയില്‍നിന്നാണ്. ചൈനീസ് അക്ഷരങ്ങളും ഇതോടൊപ്പമുണ്ട്.

യുഎസ് കാര്‍ഷിക വകുപ്പ് ഇതുവരെ കണ്ടെത്തിയത് ഒരു ഡസനോളം ഇനം ചെടികളുടെ വിത്തുകളാണ്. അവയില്‍ പലതും യുഎസില്‍ ഇന്നേവരെ കാണാത്തത്. അതൊന്നും ആരും ഓര്‍ഡര്‍ ചെയ്തിട്ടുമല്ല ലഭിച്ചതും.

കൃഷി ചെയ്താല്‍ പ്രാദേശിക ആവാസവ്യവസ്ഥയെതന്നെ തകിടം മറിക്കുന്ന ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് ജൈവായുധമാണ് ഇതെന്ന സംശയം മുറുകുന്നത്.

ഇതേത്തുടര്‍ന്ന് സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുകയാണ് എഫ്ബിഐയും യുഎസ് ഡിപാര്‍ട്‌മെന്റ് ഓഫ് അഗ്രികള്‍ചേഴ്‌സ് ആനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ഷന്‍ സര്‍വീസ്(എപിഎച്ച്‌ഐഎസ്) വിഭാഗം. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിഭാഗവും വിത്തിന്റെ ഉറവിടം തേടി അന്വേഷണം ആരംഭിച്ചു. ഒരു കാരണവശാലും വിത്തുകള്‍ നടരുതെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്.

ഹാനികരമല്ലാത്ത ഔഷധച്ചെടികളുടെയും പൂച്ചെടികളുടെയും പച്ചക്കറികളുടെയും പുല്ലിനങ്ങളുടെയും വിത്തുകളാണ് ഏറെയും. എന്നാല്‍ ഇവയില്‍ പലതും അമേരിക്കയിലെ ഓരോ പ്രദേശത്തെയും തനതു വിളകളെ പോലും നശിപ്പിക്കാന്‍ പോന്നതാകാം എന്ന് സസ്യശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുഎസില്‍ ഏറ്റവും കൂടുതല്‍ ചോളം ഉല്‍പാദിപ്പിക്കുന്ന അയോവ സംസ്ഥാനത്താണ് വിത്തുപായ്ക്കറ്റുകളില്‍ ഏറെയുമെത്തിയതെന്നും ആശങ്കപ്പെടുത്തുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചോളം ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് യുഎസ്. രണ്ടാം സ്ഥാനത്തു ചൈനയാണ്. ഇതാണ് ജൈവായുധ സംശയം വര്‍ധിപ്പിക്കുന്നത്.

വിത്തിന്റെ പുറത്ത് പര്‍പ്പിള്‍ നിറത്തില്‍ പുരട്ടിയിരിക്കുന്ന ലേപനവും ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും വിധത്തിലുള്ള കീടനാശിനിയോ വിത്ത് കേടുകൂടാതെ ഇരിക്കാന്‍ സഹായിക്കുന്ന വസ്തുവോ ആയിരിക്കാം അതെന്നാണു കരുതുന്നത്.

മുന്‍കരുതലുകളില്ലാതെ ഇത്തരം വിത്തുകള്‍ കൃഷിയിടത്തില്‍ ഉപയോഗിക്കുന്നത് വിളനാശത്തിനിടയാക്കുമെന്നും അയോവ സ്റ്റേറ്റ് സീഡ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥനായ റോബിന്‍ പ്രൂസ്‌നര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിലേറെ റിപ്പോര്‍ട്ടുകളും ഫോണ്‍കോളുകളുമാണ് ഇത്തരം വിത്തുപായ്ക്കറ്റുകളുമായി ബന്ധപ്പെട്ട് യുഎസില്‍ ലഭിച്ചത്.

എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ലഭിക്കുന്ന വിത്തുപായ്ക്കറ്റുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചുതരണമെന്ന് എപിഎച്ച്‌ഐഎസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവരെ 14 ഇനം ചെടികള്‍ തിരിച്ചറിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പക്ഷേ പറയാറായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരുപക്ഷേ ‘ബ്രഷിങ് സ്‌കാമിന്റെ’ ഭാഗമായി അയച്ചതാകാം ഇതെന്നും കരുതുന്നു.

ഓര്‍ഡര്‍ ചെയ്തില്ലെങ്കിലും, തിരഞ്ഞെടുത്ത വിലാസങ്ങളിലേക്ക് വിവിധ ഉല്‍പന്നങ്ങള്‍ അയച്ചുകൊടുക്കുന്നതാണിത്. തുടര്‍ന്ന് ആ വിലാസങ്ങളില്‍നിന്ന് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വ്യാജ പോസിറ്റിവ് റിവ്യൂകളും ഉല്‍പന്നത്തെപ്പറ്റി എഴുതും. ആമസോണ്‍ പോലെയുള്ള ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ റേറ്റിംഗില്‍ മുമ്പില്‍ വരാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ക്കും യുഎസില്‍ വിലക്കുള്ളതാണ്.

എന്നാല്‍ വിത്തുപായ്ക്കറ്റുകളിലെ ചൈനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യാജമായി സൃഷ്ടിച്ചതാണെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. കാനഡയിലും സമാന പായ്ക്കറ്റുകള്‍ എത്തിയിരുന്നു.

ചൈനയില്‍നിന്നോ തയ്വാനില്‍നിന്നോ എത്തിയിട്ടുള്ള ഈ പാക്കേജുകള്‍ക്കെതിരെ മുന്‍കരുതലെടുക്കണമെന്നും പൊലീസ് സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. കമ്മലുകളെന്ന പേരില്‍ വിത്തു പായ്ക്കറ്റുകള്‍ എത്തിയത് ബ്രിട്ടനും പരിശോധിക്കുന്നുണ്ട്.

ഫ്‌ളോറിഡയില്‍ എത്തിയ വിത്തുപായ്ക്കറ്റുകളില്‍ ഉസ്ബക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണെന്നാണ് എഴുതിയിരുന്നത്. എന്നാല്‍ അവയും ചൈനയില്‍നിന്നാണെന്നു തെളിഞ്ഞു. ലോക്ഡൗണ്‍ സമയത്ത് രാജ്യാന്തരതലത്തില്‍ വന്‍തോതില്‍ വിത്തുകള്‍ക്കും ചെടികള്‍ക്കും ആവശ്യക്കാരേറിയിട്ടുണ്ട്.

ചൈനയില്‍നിന്ന് ഒട്ടേറെ അമേരിക്കക്കാര്‍ വിത്തുകള്‍ ഓര്‍ഡര്‍ ചെയ്യുന്നുമുണ്ട്. എന്നാല്‍ ഓരോ പ്രദേശത്തെയും ആവാസവ്യവസ്ഥ മനസ്സിലാക്കി വേണം പുതിയ ചെടികള്‍ നടേണ്ടതെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

അജ്ഞാത വിത്തുപായ്ക്കറ്റുകള്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട കാര്‍ഷിക ഓഫിസുകളില്‍ അറിയിച്ച് അതു കൈമാറണമെന്നും യുഎസില്‍ നിര്‍ദേശമുണ്ട്. അമേരിക്ക-ചൈന ബന്ധം മുമ്പെങ്ങുമില്ലാത്ത വിധം വഷളായ സാഹചര്യത്തിലാണ് ഇത് ജൈവായുധമാണോയെന്ന സംശയം ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS