തൃശൂർ: പൂരക്കന്പക്കാർ കലണ്ടറിൽ കുറിച്ചുവച്ചു കാത്തിരിക്കുന്ന തൃശൂർ പൂരം നാളെ. ഇന്നു രാവിലെ നെയ്തലക്കാവ് ഭഗവതി തെക്കേഗോപുരനട തുറന്നു പൂരവിളംബരം നടത്തിയതോടെ എല്ലാ വഴികളും പൂരനഗരിയിലേക്ക്. കാണാനും പറയാനും പൂരവിശേഷങ്ങൾ മാത്രം. നാളെ രാവിലെ മുതൽ ഘടകപൂരങ്ങൾ ക്ഷേത്രസന്നിധിയിലേക്കു വന്നണയും.
ഒപ്പം ജനാവലിയുടെ ഒഴുക്കുതുടങ്ങും. മഠത്തിലേക്കുള്ള തിരുവന്പാടിയുടെ പുറപ്പാട്, തിരിച്ചു നടുവിൽമഠത്തിൽനിന്നു പഞ്ചവാദ്യത്തിന്റെ അകന്പടിയോടെയുള്ള മഠത്തിൽവരവ്, പാറമേക്കാവ് ഭഗവതിയുടെ പൂരം പുറപ്പാട്, ഇലഞ്ഞിത്തറമേളം, ലോകത്തെ മനോഹരകാഴ്ചയെന്ന് യുനെസ്കോ പോലും വാഴ്ത്തിയ തെക്കോട്ടിറക്കവും കുടമാറ്റവും, രാത്രിയിൽ തീവെട്ടി വെളിച്ചത്തിൽ പകൽപ്പൂരങ്ങളുടെ ആവർത്തനങ്ങൾ, മാനത്ത് മാരവില്ല് വിരിയുന്ന പൂരം വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിഞ്ഞതിനുശേഷമുള്ള പകൽ വെടിക്കെട്ടും കഴിഞ്ഞു പൂരക്കഞ്ഞിയും കുടിച്ചുള്ള യാത്ര പറച്ചിൽ വരെ നഗരം പൂരത്തിലലിയും.
സാന്പിൾ പൊരിച്ചു; ആർത്തിരന്പി ജനം
തൃശൂർ: നിയന്ത്രണങ്ങളും ചട്ടങ്ങളും ഇളവു ചെയ്തതോടെ വെടിക്കെട്ടുകന്പക്കാരെ ആവേശത്തിലാഴ്ത്തി പൂരം സാന്പിൾ വെടിക്കെട്ട് കസറി. മുൻവർഷങ്ങളേക്കാൾ കൂടുതൽപേർക്കു സ്വരാജ് റൗണ്ടിൽ വെടിക്കെട്ട് കാണാൻ അവസരം ഒരുക്കിയതിനൊപ്പം വെടിക്കെട്ടിന്റെ ഒരുക്കങ്ങൾ കാണാനും വൈകിട്ട് ആറുവരെ സൗകര്യമുണ്ടായിരുന്നു.
7.35നു തിരുവന്പാടിയും തുടർന്നു പാറമേക്കാവും ആവേശക്കെട്ടിനു തിരികൊളുത്തി.ഞായറാഴ്ചയായതിനാൽ വൻ ജനാവലിയാണ് ഇന്നലെ വൈകിട്ടോടെ സാന്പിൾ വെടിക്കെട്ട് കാണാൻ നഗരത്തിലെത്തിയത്.മാനത്ത് കാർമേഘം മൂടിയത് അൽപം ആശങ്കയുണ്ടാക്കിയെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല.
വാഹനങ്ങൾ നിയന്ത്രിച്ചതൊഴിച്ചാൽ പോലീസിന്റെ ഇടപെടലും കുറവായിരുന്നു. മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവർക്കൊപ്പം കളക്ടർ അർജുൻ പാണ്ഡ്യൻ, ഡിഐജി ഹരിശങ്കർ, കമ്മീഷണർ ആർ. ഇളങ്കോ എന്നിവരും മേൽനോട്ടം വഹിച്ചു.ഏഴിന് ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും അവസാനവട്ട പരിശോധനകൾ കാരണം വൈകിയാണു വെടിക്കെട്ട് തുടങ്ങിയത്.
പാറമേക്കാവിന്റെ വെടിക്കെട്ട് പൂർത്തിയായതോടെ ആൾക്കൂട്ടത്തിന്റെ ആരവങ്ങളിൽ നഗരം മുങ്ങി. ഇക്കുറി ഫയർലൈൻ തേക്കിൻകാടിന് ഉള്ളിലേക്കുനീക്കിയാണ് വെടിക്കെട്ട് നടത്തിയത്. ഫയർലൈനും കാണികളും തമ്മിലുള്ള അകലം കൂടിയതോടെ കൂടുതൽ പേർക്കു സ്വരാജ് റൗണ്ടിൽ പ്രവേശിക്കാനും കഴിഞ്ഞു.
നാളെ രാവിലെ ആറുമുതൽ ഗതാഗതനിയന്ത്രണം
തൃശൂർ: പൂരത്തോട് അനുബന്ധിച്ച് നാളെ രാവിലെ ആറുമുതൽ മറ്റന്നാൾ പകൽപൂരം കഴിയുന്നതുവരെ നഗരത്തിലും പരിസരത്തും ഗതാഗതം നിയന്ത്രിക്കും. സ്വരാജ് റൗണ്ടിൽ നാളെ രാവിലെ അഞ്ചുമുതൽ പൂരം അവസാനിക്കുന്നതുവരെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. സ്വകാര്യ വാഹനങ്ങൾക്ക് റൗണ്ടിന്റെ ഒൗട്ടർ റിംഗ് വരെ മാത്രമാണു പ്രവേശനാനുമതി. നഗരത്തിലെ തദ്ദേശവാസികളുടെ വാഹനങ്ങൾക്ക് അനുമതി ലഭിക്കാൻ വാഹനത്തിന്റെ നന്പറും തിരിച്ചറിയൽ രേഖയും കരുതണം.