പെണ്‍കുട്ടികളെ കറക്കിയെടുത്ത് പീഡിപ്പിക്കുന്ന തൃശൂരിലെ സംഘം വെളിപ്പെടുത്തുന്നത് ചുറ്റിക്കളിയുടെ പുതിയ ഇടങ്ങളെപ്പറ്റി, തിരക്കേറിയ ആശുപത്രികളെ ചുറ്റിക്കളിക്കായി തെരഞ്ഞെടുക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ

പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ തങ്ങളുടെ ചുറ്റിക്കളികള്‍ക്ക് കണ്ടെത്തുന്ന പുതിയ ഇടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനെ പോലും അമ്പരപ്പിക്കുന്നു. തിരക്കേറിയ ആശുപത്രികളാണ് ഇത്തരക്കാരുടെ പുതിയ താവളം. ആശുപത്രിയിലേക്ക് പെണ്‍കുട്ടികളേയും കൂട്ടിവന്ന് ഏറെ നേരം ചിലവഴിച്ചാണ് ഇവര്‍ സ്ഥലം വിടാറുള്ളത്.

ആശുപത്രിയില്‍ വന്നുപോകുന്നവരെ പെട്ടന്നാരും ശ്രദ്ധിക്കാത്തതാണ് ഇക്കൂട്ടര്‍ ആശുപത്രി സുരക്ഷിത ഇടമായി തെരഞ്ഞെടുക്കാന്‍ കാരണമത്രെ. പകല്‍ സമയങ്ങല്‍ തിരക്കേറിയ പൊതുസ്ഥലങ്ങളിലാണ് ഇവര്‍ തമ്പടിക്കുന്നത്. നഗരത്തിലെ വിവിധ ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഇക്കൂട്ടര്‍ സ്ഥിരമായി കറങ്ങാറുണ്ട്. തിരക്കൊഴിഞ്ഞ മ്യൂസിയങ്ങള്‍, സ്റ്റേഡിയം എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങള്‍ തന്നെ.

ഹോസ്റ്റലിലെ കുട്ടികളെ നോട്ടമിടുന്ന റാക്കറ്റ്

ദൂരെ ദിക്കുകളില്‍ നിന്നും വന്ന് തൃശൂരില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടികളെയാണ് ഈ റാക്കറ്റ് ലക്ഷ്യം വെച്ചിരുന്നത്. ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളോട് പോലീസ് അതീവജാഗ്രത പാലിക്കണമന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തങ്ങളുടെ മക്കള്‍ ഹോസ്റ്റലില്‍ സുരക്ഷിതരാണെന്ന് വീട്ടിലുള്ളവര്‍ കരുതുന്‌പോള്‍ മക്കള്‍ കുരുക്കുകളില്‍ പെട്ടുപോകുന്നുവെന്ന് വൈകിയാണ് തിരിച്ചറിയുന്നത്.

കേരളത്തിലെ എഡ്യുക്കേഷണല്‍ ഹബ് എന്നറിയപ്പെടുന്ന തൃശൂരില്‍ വിവിധ ജില്ലകളില്‍ നിന്ന് നിരവധി പെണ്‍കുട്ടികളാണ് പഠനത്തിനും ഉപരിപഠനത്തിനുമൊക്കെയായി എത്തുന്നത്. ഭൂരിഭാഗം പേരുടെ കൈയിലും മൊബൈല്‍ ഫോണുമുണ്ട്. പേരാമംഗലം കേസില്‍ തങ്ങളുടെ മക്കള്‍ ഹോസ്റ്റലിലുണ്ടെന്നാണ് വീട്ടുകാര്‍ കരുതിയത്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ഹോസ്റ്റലില്‍ നിന്നും പുറത്തിറക്കിയ പ്രതികള്‍ പെണ്‍കുട്ടികളോട് വീട്ടിലേക്കു പോകുന്നുവെന്നാണ് ഹോസ്റ്റലില്‍ പറയേണ്ടതെന്ന് ചട്ടം കെട്ടിയിരുന്നു.

ഇതുപ്രകാരം കുട്ടികള്‍ ഹോസ്റ്റലില്‍ പറഞ്ഞത് തങ്ങള്‍ വീട്ടിലേക്ക് പോകുന്നുവെന്നാണ്. ഹോസ്റ്റലുകാര്‍ ഇത് വിശ്വസിച്ചു. കുട്ടികള്‍ വീട്ടിലെത്തിയോ എന്ന് പരിശോധിക്കാന്‍ ഹോസ്റ്റല്‍ അധികൃതര്‍ ശ്രദ്ധിച്ചതുമില്ല. വീട്ടുകാര്‍ കുട്ടികള്‍ ഹോസ്റ്റലിലാണെന്നും ഹോസ്റ്റലുകാര്‍ കുട്ടികള്‍ വീട്ടിലെത്തിക്കാണുമെന്നും കരുതി.

ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടികളെ വീട്ടുകാര്‍ ദിവസവും ഫോണില്‍വിളിച്ച് അന്വേഷിക്കണമെന്നും വീട്ടിലെക്കെന്നു പറഞ്ഞുപോകുന്ന കുട്ടികള്‍ വീട്ടിലെത്തിയോ എന്ന് ഹോസ്റ്റല്‍ അധികൃതരും അന്വേഷിക്കണമെന്ന് പോലീസ് എല്ലാ ഹോസ്റ്റല്‍ ഉടമകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സദാചാര പോലീസാകേണ്ട…. വിവരം തിരക്കിക്കോളൂ…

സംശയകരമായ സാഹചര്യത്തില്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളേയും കാണുകയാണെങ്കില്‍ സദാചാര പോലീസ് ചമയാതെ അവരോട് കാര്യങ്ങള്‍ ചോദിച്ചറിയുക. പറ്റുമെങ്കില്‍ വിവരം ഉടന്‍ പോലീസിനെ അറിയിക്കുക. സ്‌കൂള്‍ സമയങ്ങളില്‍ ഷോപ്പിംഗ് മാളുകളിലും മറ്റും ചുറ്റിക്കറങ്ങുന്ന കുട്ടികളെ കണ്ടാല്‍ അക്കാര്യം പോലീസിനെ അറിയിക്കാവുന്നതാണ്. എന്നാല്‍ കാര്യങ്ങള്‍ ചോദിച്ചാല്‍ സദാചാര പോലീസാണെന്ന് വ്യാഖ്യാനിക്കുമെന്ന് ഭയന്ന് പലരും വിവരങ്ങള്‍ ചോദിക്കാതെ ഒഴിയുകയാണ് ചെയ്യുന്നത്.

Related posts