അയ്യേ മുംബൈ പോലീസ് ചമ്മിപ്പോയേ, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പോലീസ്, താന്‍ ട്രക്കിന്റെ പുറത്തെ കാറിലാണ് ഇരുന്നതെന്ന് ദുല്‍ഖര്‍ സല്‍മാന്‍, സംഭവം ഇങ്ങനെ

കാര്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തും. അതുകൊണ്ടാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന മൊബൈല്‍ ഉപയോഗിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോ കണ്ടു മുംബൈ പോലീസ് ഇടപെട്ടത്. എന്നാല്‍ ദുല്‍ഖര്‍ സല്‍മാനെ ഉപദേശിക്കാനെത്തി പുലിവാല് പിടിച്ചിരിക്കുകയാണ് മുംബൈ പോലീസ്. ദുല്‍ഖര്‍ ഹിന്ദി ചിത്രം സോയാ ഫാക്ടറിന്റെ ചിത്രീകരണ തിരക്കിലിരിക്കെയാണ് സംഭവം.

കഴിഞ്ഞദിവസം ഡ്രൈവിംഗ് സീറ്റിലിരുന്നു മൊബൈല്‍ ഉപയോഗിക്കുന്ന ദുല്‍ഖറിന്റെ വീഡിയോ നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ ദുല്‍ഖര്‍ക്ക് മൊബൈല്‍ ഉപയോഗത്തിനെതിരെ കര്‍ശന ഉപദേശവുമായി മുംബൈ പോലീസ് രംഗത്തെത്തി. ഡ്രൈവ് ചെയ്യുമ്പോഴുള്ള ഇത്തരം സ്റ്റണ്ടുകള്‍ മറ്റുള്ള ഡ്രൈവര്‍മാരുടെ ജീവനും അപകടത്തിലാക്കുകയാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ പാടില്ലെന്നും ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മുംബൈ പോലീസ് പറഞ്ഞു.

എന്നാല്‍ റോഡ് നിയമം പഠിപ്പിക്കാന്‍ പോയ മുംബൈ പോലീസിന് വമ്പന്‍ തിരിച്ചടിയാണ് ദുല്‍ഖറിന്റെ മറുപടിയിലൂടെ കിട്ടിയത്. ട്രക്കിന് മുകളില്‍ കാര്‍ വച്ചുള്ള സിനിമ ഷൂട്ടിംഗ് വേളയിലാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് മെസേജ് അയച്ചത്. കാര്‍ കെട്ടിവലിക്കുകയായിരുന്നു. താന്‍ വിചാരിച്ചാല്‍ പോലും ആ കാര്‍ ഡ്രൈവ് ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും ദുല്‍ഖര്‍ വിശദീകരിച്ചു. സംഭവത്തിന്റെ പൂര്‍ണവീഡിയോ സഹിതമായിരുന്നു ദുല്‍ഖറിന്റെ മറുപടി ട്വീറ്റ്.

മുംബൈ പോലീസിന്റെ ട്വീറ്റില്‍ പ്രതിഷേധിച്ച് സോനം കപൂറും രംഗത്തെത്തി. തങ്ങളുടെ കാര്യത്തില്‍ കാണിക്കുന്ന താല്‍പര്യം സാധാരണക്കാരുടെ കാര്യത്തിലും ഉണ്ടാകണമെന്നും സോനം മറുപടി കൊടുത്തു. എന്നാല്‍ ആരും സാധാരണക്കാരല്ലെന്നും എല്ലാവരും ഒരുപോലെയാണെന്ന മറുപടിയുമായി മുംബൈ പോലീസ് രംഗംവിട്ടു. എന്നാല്‍ ട്രോളന്മാര്‍ വിഷയം ഏറ്റെടുത്തതോടെ വെട്ടിലായിരിക്കുകയാണ് മുംബൈ പോലീസ്.

Related posts