തീറ്റ, കുടി, മദ്യം, സിഗരറ്റ് തുടങ്ങിയ ആര്‍ഭാടങ്ങളും ആഘോഷങ്ങളും! തീഹാര്‍ ജയിലിലെ അന്തേവാസികളായ കുറ്റവാളികളുടെ സുഖജീവിതം വെളിപ്പെടുന്ന വീഡിയോ പുറത്ത്

തീഹാര്‍ ജയിലെന്ന് കേള്‍ക്കുമ്പോള്‍ പോലും ആളുകള്‍ക്ക് ഭയമാണ്. കാരണം രാജ്യത്തെ ഏറ്റവും വലിയ കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന ഇടമാണല്ലോ അത്. അതുകൊണ്ട് തന്നെ അതീവസുരക്ഷയും കാവലുമുള്ള ഇടമെന്നാണ് പൊതുവെ ആളുകള്‍ കരുതുന്നതും. എന്നാല്‍ പല ജയിലുകളെക്കുറിച്ചും പൊതുവെ കേള്‍ക്കാറുള്ളതുപോലെ യാതൊരു നിയന്ത്രണവുമില്ലാതെ തടവു പുള്ളികളെ സ്വതന്ത്രരരായി വിട്ടിരിക്കുകയാണെന്നാണ് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തു വന്നിരിക്കുന്ന ഒരു വീഡിയോ തെളിയിക്കുന്നത്.

ജയിലിലെന്ന തോന്നല്‍ പോലും ഉളവാകാത്ത വിധം സുഖജീവിതം നയിക്കുന്നവരെയാണ് വീഡിയോയില്‍ കാണാനാവുന്നത്. പുറത്ത് നിന്നുള്ള യാതൊരുവിധ വസ്തുക്കളും ജയിലിനുള്ളില്‍ കയറ്റാന്‍ അനുവാദമില്ല. എന്നാല്‍ ജയില്‍മുറിക്കുള്ളില്‍ പ്രതികള്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന്റെ വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

ഇവരുടെ കയ്യില്‍ പനീറും ജയില്‍ മുറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കറും വിഡിയോയില്‍ വ്യക്തമായി കാണാം. ജയിലില്‍ ഇന്റര്‍നെറ്റ് ലഭിക്കാതിരിക്കാന്‍ മൊബൈല്‍ ജാമര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും അത് പ്രവര്‍ത്തനരഹിതമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ലക്ക്‌നൗവില്‍ നിന്നുള്ള സലിം, റുഷ്താം, സൊഹ്റാബ് എന്നീ മൂന്ന് പ്രതികളെയാണ് വിഡിയോയില്‍ കാണുന്നത്. മൂവരും സഹോദരങ്ങളാണ്. ഇവര്‍ക്ക് പുറത്തുനിന്ന് ആരെങ്കിലും ഫോണ്‍ എറിഞ്ഞുകൊടുത്തതാകാമെന്നാണ് അധികൃതരുടെ വിശദീകരണം. ഇത്തരം അനുവദിനീയമല്ലാത്ത വസ്തുക്കള്‍ പ്രതികള്‍ സൂക്ഷിക്കുന്നുണ്ടോയെന്ന് അറിയാന്‍ മിന്നല്‍ പരിശോധന നടത്താറുണ്ടെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

Related posts