ടോം വടക്കനല്ല, ഇത് ടോമിച്ചന്‍ മുളകുപാടം! പാര്‍ട്ടി മാറിയ ടോം വടക്കനുള്ള ട്രോളുകളും പരിഹാസങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നത് ഇതില്‍ യാതൊരു പങ്കുമില്ലാത്ത നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്; സംഭവമിങ്ങനെ

കോണ്‍ഗ്രസിന്റെ മുന്‍ വക്താവും എഐസിസി ജനറല്‍ സെക്രട്ടിയുമായിരുന്ന ടോം വടക്കന്‍ ബിജെപിയിലേക്ക് കൂടു മാറിയതാണ് ഇക്കഴിഞ്ഞ ദിവസങ്ങള്‍ വാര്‍ത്തയായത്. കഴിഞ്ഞ ദിവസങ്ങളില്‍ പോലും ബിജെപിയെ പ്രതികൂലിച്ചും കോണ്‍ഗ്രസിനെ പ്രതിരോധിച്ചും രംഗത്തെത്തിയ വ്യക്തിയാണ് ടോം വടക്കന്‍. അദ്ദേഹത്തിന്റെ ഈ കൂടുമാറ്റവുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്നുണ്ട്. പലരും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയും ഇടുന്നുണ്ട്.

എന്നാല്‍ ഇതേസമയം ടോം വടക്കനുമായി യാതൊരു തരത്തിലുളള ബന്ധമില്ലെങ്കിലും ഇത്തരത്തില്‍ പൊങ്കാലയിടാന്‍ എത്തുന്നവരുടെ ഇരയായി മാറിയിരിക്കുകയാണ് നിര്‍മ്മാതാവ്, ടോമിച്ചന്‍ മുളകുപാടം.

ടോം വടക്കന് ഔദ്യോഗികമായി ഫേസ്ബുക്ക് പേജ് ഇല്ലാത്തത് കൊണ്ടായിരിക്കണം പരാതികളും പരിഭവങ്ങളുമെല്ലാം ടോമിച്ചന്റെ ഫേസ്ബുക്ക് വാളില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ടോം വടക്കന്‍ പാര്‍ട്ടി മാറിയതിലുള്ള ‘അമര്‍ഷവും സങ്കടവും പലരും ഇപ്പോള്‍ തീര്‍ക്കുന്നത്. സര്‍ഫ് എക്സലിന്റെ പരസ്യത്തിന് മൈക്രോസോഫ്ട് എക്സല്‍ പഴി കേട്ടത് പോലെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പറയാം. തമാശയ്ക്കു വേണ്ടി കമന്റിടാന്‍ വരുന്നവരുമുണ്ട്. കമന്റുകളില്‍ അത് വ്യക്തവുമാണ്.

Related posts