കുവൈത്തില്‍ ജനിച്ച് കര്‍മമണ്ഡലം ഡെല്‍ഹിയാക്കി, സീ ന്യൂസില്‍ ജേര്‍ണലിസ്റ്റായി മാധ്യമലോകത്ത് സുപരിചിതയായി, ഇടയ്ക്ക് ദന്തഡോക്ടറുടെ കുപ്പായവും, ടോം വടക്കന്റെ വക്താവ് സ്ഥാനം തെറിപ്പിച്ച ഡോ. ഷമ മുഹമ്മദിന്റെ കഥ

ടോം വടക്കന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണങ്ങളിലൊന്ന് മാധ്യമവിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് നീക്കിയതാണ്. ഏറെക്കാലം ടോമിന്റെ കീഴിലായിരുന്നു കോണ്‍ഗ്രസിലെ മാധ്യമവിഭാഗം. രാഹുല്‍ ഗാന്ധി പ്രസിഡന്റായി എത്തിയതോടെ ടോമിന്റെ ശനിദശയും തുടങ്ങി. രാഹുല്‍ ഗാന്ധി നേരിട്ട് താല്പര്യമെടുത്ത് നിയമിച്ച ഡോ ഷമ മുഹമ്മദിന്റെ വരവും ഒരുകണക്കിന് ടോമിന്റെ പടിയിറക്കത്തിന് കാരണമായി. ആരാണ് ഈ ഷമ മുഹമ്മദ്. മലയാളികളെന്ന വസ്തുത തന്നെ ഏറെപ്പേര്‍ക്കും അറിവില്ല.

ദീര്‍ഘകാലം സീ ന്യൂസില്‍ മാധ്യമപ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ദേശീയവക്താവായെത്തുന്നത് അടുത്തിടെയാണ്. തലശ്ശേരിക്കടുത്ത മാഹിയിലെ കല്ലാപുതിയ വീട്ടിലാണ് ജനനം. ഷമ മുഹമ്മദ് വളര്‍ന്നത് കുവൈത്തിലാണ്. മാതാവ് മാഹി സ്വദേശിനിയാണ്. കണ്ണൂരിലെ താണയിലാണ് പിതാവിന്റെ തറവാട്. കുവൈത്തിലെ പഠനകാലത്തായിരുന്നു ഗള്‍ഫ് യുദ്ധം.

കണ്ണൂര്‍ എസ്എന്‍ കോളേജില്‍ ബിരുദം പൂര്‍ത്തിയാക്കി. മംഗലാപുരം യെനപ്പോയ െഡെന്റല്‍ കോളേജില്‍നിന്ന് ബിഡിഎസിന് ശേഷം ഷമ കണ്ണൂര്‍, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളില്‍ ദന്തഡോക്ടറായി ജോലി ചെയ്തു. ഡെല്‍ഹിയില്‍ ജോലി ചെയ്യുമ്പോഴാണ് കുറച്ചുകാലം സീ ന്യൂസില്‍ മാധ്യമപ്രവര്‍ത്തകയായി പ്രവര്‍ത്തിക്കുന്നത്.

ഇതിനിടയില്‍ അനാഥരായി നഗരത്തിലെത്തുന്ന പെണ്‍കുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസ് എന്ന സാമൂഹികസന്നദ്ധ സംഘടനയിലും പ്രവര്‍ത്തിച്ചു. ഭര്‍ത്താവിനും രണ്ടുകുട്ടികള്‍ക്കുമൊപ്പം ഇപ്പോള്‍ പുണെയിലെ കൊറെഗാവ് പാര്‍ക്കിലാണ് താമസം. മാധ്യമചര്‍ച്ചകളില്‍ ഓരോ വിഷയത്തിലും കോണ്‍ഗ്രസിന്റെ നിലപാട് പങ്കെടുത്ത് അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഷമ. കോണ്‍ഗ്രസിന്റെ തിളങ്ങുന്ന മാധ്യമ മുഖങ്ങളിലൊന്നാണ് ഷമ ഇപ്പോള്‍

Related posts