മൂവാറ്റുപുഴയില്‍ ഗതാഗത പരിഷ്‌കാരത്തിനു തുടക്കമായി; ടിബിറോഡ് വണ്‍വേ ആക്കും; തടിലോറികള്‍ക്ക് രാത്രി ഏഴിന് ശേഷം മാത്രം ടൗണില്‍ പ്രവേശനം

EKM-FLAGമൂവാറ്റുപുഴ: നഗരത്തില്‍ ഗതാഗത പരിഷ്‌കാരത്തിനു തുടക്കമായി. ഇന്നു രാവിലെ വള്ളക്കാലി ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ജയകുമാറിനു ഫഌഗ് കൈമാറി ക്കൊണ്ട് ഉദ്ഘാടനം ചെയ്തു.മുന്‍പ് ട്രാഫിക് പരിഷ്‌കാരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയെങ്കിലും ഉത്സവകാലമായതിനാല്‍ ടിബി ജംഗ്ഷനു സമീപം എംസി റോഡിലെ വ്യാപാരികളുടെ അപേക്ഷമാനിച്ച് തല്‍ക്കാലത്തേക്കു നിര്‍ത്തിയിരുന്നു.

ഗതാഗത പരിഷ്‌കാരത്തിനായി രൂപീകരിച്ച സബ് കമ്മിറ്റി കഴിഞ്ഞ 13നു നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നാണ് ഗതാഗത പരിഷ്‌കാരം നടപ്പാക്കാന്‍ തീരുമാനിച്ചത്. മൂവാറ്റുപുഴ ടിബി റോഡിന്റെ ആരംഭത്തിലും അവസാനത്തിലും ചെറുവാഹനങ്ങള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും മാത്രം യൂടേണ്‍ അനുവദിച്ച് ടിബിറോഡ് വണ്‍വേ ആക്കാനും വള്ളക്കാലിപ്പടിയിലുള്ള ബസ് സ്‌റ്റോപ്പ് മമ്മിഡാഡി ടെക്സ്റ്റയില്‍സിനു മുന്നിലേക്കു  മാറ്റാനും തീരുമാനിച്ചു.

ഇഇസി മാര്‍ക്കറ്റ് റോഡ് വഴി പെരുമ്പാവൂര്‍, എറണാകുളം ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും എംസിറോഡില്‍ പ്രവേശിച്ച് ഇടത്തോട്ട് തിരിഞ്ഞ് നെഹ്‌റു പാര്‍ക്ക് ചുറ്റി പോകേണ്ടതാണ്. വെള്ളൂര്‍ക്കുന്നത്ത് എവണ്‍ ടെക്സ്റ്റയില്‍സിനു മുന്‍വശത്ത് പെരുമ്പാവൂരിലേക്കു പോകുന്ന ബസുകളും ഹോട്ടല്‍ ധന്യയുടെ മുന്നില്‍ എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ബസുകളും നിറുത്തേണ്ടതാണ്. വാഴപ്പിള്ളി ഐടിആറിന് മുന്നിലെ ഇരുവശങ്ങളിലേയും ബസ് സ്‌റ്റോപ്പുകള്‍  നിര്‍ത്തി. വാഴപ്പിള്ളിയില്‍നിന്നു മൂവാറ്റുപുഴ ഭാഗത്തേക്കു വരുന്ന ബസുകള്‍ കാര്‍ഷിക സഹകരണ ബാങ്കിന് സമീപം കോര്‍മലകുന്നിലെ മണ്ണ് ഇടിഞ്ഞ ഭാഗത്ത് നിര്‍ത്തണം.

മൂവാറ്റുപുഴയില്‍നിന്നു കോതമംഗലം ഭാഗത്തേക്കു പോകുന്ന ബസുകള്‍ കീച്ചേരിപ്പടി ഓട്ടോ സ്റ്റാന്‍ഡിനു പുറകില്‍ മുടവനശേരി തൈക്കാവിനു മുന്നില്‍ നിറുത്തണം. കൂത്താട്ടുകുളം, പിറവം ഭാഗത്തുനിന്നു വരുന്നതും മൂവാറ്റുപുഴയില്‍ സര്‍വീസ് അവസാനിക്കുന്നതുമായ കെഎസ്ആര്‍ടിസി ബസുകള്‍ തിരക്കുള്ള സമയത്ത് മൂവാറ്റുപുഴ സിവില്‍ സ്‌റ്റേഷനില്‍ സര്‍വ”ീസ് അവസാനിപ്പിക്കും. തൊടുപുഴ ഭാഗത്തേക്കുള്ള ബസുകള്‍ ലതാ സ്റ്റാന്‍ഡില്‍ കയറി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യണം.

ബസ് സ്റ്റാന്‍ഡില്‍ ഓരോ ഭാഗത്തേയ്ക്കും ബസുകള്‍ക്ക് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്ത് നല്‍കണം. ഇഇസി മാര്‍ക്കറ്റ് റോഡില്‍ പാര്‍ക്ക് ചെയ്ത് വരുന്ന ടൂറിസ്റ്റ് ബസുകല്‍ എവറസ്റ്റ് ജംഗ്ഷനിലുള്ള വണ്ടിപ്പേട്ടയിലേക്കു മാറ്റണം. തൊടുപുഴ പിറവം ഭാഗത്തുനിന്നു സര്‍വീസ് അവസാനിക്കുന്ന ബസുകള്‍ ഇഇസി മാര്‍ക്കറ്റ് വഴി കീച്ചേരിപ്പടിയിലെത്തി പച്ചക്കറി മാര്‍ക്കറ്റ് റോഡ് വഴി കാവുംങ്കര ബസ് സ്റ്റാന്‍ഡിലെത്തണം. തടിലോറികള്‍ക്ക് രാത്രി ഏഴിന് ശേഷമേ ടൗണില്‍ പ്രവേശനമുള്ളു.

Related posts