രണ്ടു കുട്ടികളുടെയും ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ചെലവുകളും തങ്ങള്‍ വഹിക്കും! ലിനിയുടെ മക്കള്‍ക്ക് കൈത്താങ്ങുമായി യുഎഇ മലയാളികള്‍ നേതൃത്വം നല്‍കുന്ന അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്

നിപ്പാ വൈറസ് ബാധയില്‍പ്പെട്ട രോഗികളെ ശുശ്രൂഷിച്ച് ജീവത്യാഗം ചെയ്യേണ്ടിവന്ന നഴ്‌സിനോടുള്ള ആദരം പ്രകടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തില്ലെങ്കിലും കൈത്താങ്ങുമായി അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് രംഗത്ത്. ലിനിയുടെ മക്കളുടെ സമ്പൂര്‍ണ പഠന ചെലവ് ഏറ്റെടുത്തിരിക്കുകയാണ് പാലക്കാട് നെന്മാറയിലെ അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്.

പറക്കമുറ്റാത്ത ലിനിയുടെ മക്കളായ രണ്ട് വയസ്സുകാരന്‍ സിദ്ധാര്‍ഥിന്റേയും അഞ്ചു വയസ്സുകാരന്‍ ഋതുലിന്റെയും ഈ അധ്യയന വര്‍ഷം മുതല്‍ പ്രഫഷണല്‍ വിദ്യാഭ്യാസമോ, ബിരുദാനന്തര ബിരുദമോ വരെയുള്ള സമ്പൂര്‍ണ വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്നാണ് അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അറിയിച്ചത്.

അബുദാബിയില്‍ താമസിക്കുന്ന ജ്യോതി പാലാട്ട്, ശാന്തി പ്രമോദ് എന്നിവരാണ് ഈ സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടികളുടെ സമ്പൂര്‍ണ വിദ്യാഭ്യാസ ചെലവുകള്‍ അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വഹിക്കുന്നതിനെ സംബന്ധിച്ചുള്ള ഔദ്യോഗികമായ രേഖകള്‍ ഉടന്‍ ലിനിയുടെ കുടുംബത്തിന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

‘ആതുരശുശ്രൂഷയ്ക്ക് വേണ്ടി സ്വന്തം ജീവന്‍ പണയപ്പെടുത്തിയ ലിനിയെ ഓരോ മലയാളിയും അഭിമാനത്തോടെ എന്നും ഓര്‍ക്കും. ലിനി തന്റെ കുടുംബത്തിന് വേണ്ടി എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളിലും മറ്റും ഇന്നലെ വായിക്കാനിടയായി. അമ്മയുടെ വിയോഗം പോലും തിരിച്ചറിയാന്‍ പ്രായമായിട്ടില്ലാത്ത ആ കുട്ടികള്‍ ഒരു കുറവും കൂടാതെ വളരണം എന്നതിനാലാണ് ഇങ്ങനൊരു തീരുമാനമെന്ന്’ അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ജ്യോതി പാലാട്ട് അറിയിച്ചു.

Related posts