അമേരിക്കയും ചൈനയും യുദ്ധത്തിനൊരുങ്ങുന്നുവോ ? യുദ്ധത്തിന് സജ്ജമാകാന്‍ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി ഷി ജിന്‍പിങ്; ലോകം ഭീതിയില്‍…

ലോക സമാധാനത്തിനു വെല്ലുവിളിയുയര്‍ത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഏതുസമയവും യുദ്ധത്തിനു സജ്ജമായിരിക്കാന്‍ സര്‍വസൈന്യാധിപന്‍ കൂടിയായ ഷി ചിന്‍പിങ് സേനയ്ക്കു നിര്‍ദേശം നല്‍കി. വ്യാപാരം, ദക്ഷിണ ചൈന കടലിലെ ഇടപെടലുകള്‍ എന്നിവയെച്ചൊല്ലി യുഎസുമായുള്ള തര്‍ക്കം കൊടുമ്പിരി കൊണ്ടിരിക്കെയാണ് ലോകത്തെ ഞെട്ടിച്ച് ചൈനയുടെ ഈ നീക്കം.

2019ല്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തിലാണു ഷിയുടെ നിര്‍ദേശം. അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങുക, യുദ്ധത്തിനുള്ള തയാറെടുപ്പുകള്‍ നടത്തുക എന്നീ കാര്യങ്ങളാണു പ്രധാനമായും ഷി വെള്ളിയാഴ്ചത്തെ യോഗത്തില്‍ സംസാരിച്ചതെന്നു സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു.നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റങ്ങളിലൂടെയാണു ലോകം കടന്നുപോകുന്നത്. ലോകശക്തി, വികസനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയെ സംബന്ധിച്ചു നിര്‍ണായക കാലമാണിത്.

ചൈനയ്‌ക്കെതിരായ വെല്ലുവിളികള്‍ വര്‍ധിച്ചിരിക്കുന്നു. ആധുനീകരിച്ചു സ്വയം സജ്ജമാകാനുള്ള പദ്ധതികള്‍ സേന തയാറാക്കണം. പുതിയ കാലത്തെ ശത്രുക്കളെയും ഭീഷണികളെയും നേരിടാനും അടിയന്തര യുദ്ധങ്ങള്‍ക്കുമുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം ഷി വ്യക്തമാക്കുന്നു. ദക്ഷിണ ചൈന കടലില്‍ സ്വയംഭരണം ആവശ്യപ്പെടുന്ന തായ്‌വാനുമായി ബന്ധപ്പെട്ടു യുഎസും ചൈനയും തമ്മില്‍ തര്‍ക്കമുണ്ട്.

യുഎസ് ആണ് തായ്വാന് ആയുധങ്ങള്‍ നല്‍കുന്നത്. തായ്‌വാന്‍ തങ്ങളുടെ പ്രവിശ്യയാണെന്നാണു ചൈനയുടെ വാദം. ദക്ഷിണ ചൈന കടലിലെ യുഎസ് നിരീക്ഷണവും ദക്ഷിണ കൊറിയയിലെ അത്യാധുനിക മിസൈല്‍വേധ സംവിധാനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കുമെന്നു ചൈന അഭിപ്രായപ്പെട്ടിരുന്നു. ഉത്തര കൊറിയയുമായുള്ള സംഘര്‍ഷസാധ്യത കണക്കിലെടുത്തു ദക്ഷിണ കൊറിയയില്‍ യുഎസ് സ്ഥാപിച്ച മിസൈല്‍വേധ സംവിധാനം ശക്തമായ റഡാറാണെന്നും തങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും ചൈന പറയുന്നു.

കഴിഞ്ഞദിവസം വന്‍ ആണവേതര ബോംബ് വികസിപ്പിച്ചു ചൈന ലോകത്തെ ഞെട്ടിച്ചിരുന്നു.’എല്ലാ ബോംബുകളുടെയും അമ്മ’ എന്ന വിളിപ്പേരുള്ള യുഎസിന്റെ എംഒഎബി എന്ന ബോംബിനുള്ള മറുപടിയാണിത്. നശീകരണ – പ്രഹര ശേഷിയില്‍ അണുബോംബിനു തൊട്ടുപിന്നില്‍ വരും. ‘മദര്‍ ഓഫ് ഓള്‍ ബോംബ്‌സ്’ എന്നു തന്നെയാണ് ചൈനയും ഈ ബോംബിനു നല്‍കിയിട്ടുള്ള വിളിപ്പേര്.എന്നാല്‍ യുഎസ് എംഒഎബിയെക്കാള്‍ ചെറുതും ഭാരം കുറഞ്ഞതുമാണ് ചൈനയുടെ ബോംബ്.

Related posts