കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെയും ഇറ്റലിയെയും തോല്‍പ്പിച്ച് അമേരിക്ക ! ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 17,000 പുതിയ രോഗികള്‍; അമേരിക്കയുടെ പോക്ക് എങ്ങോട്ടെന്ന് ആശങ്കപ്പെട്ട് ലോകം…

അമിത ആത്മവിശ്വസം എങ്ങനെ വലിയൊരു ദുരന്തത്തില്‍ കലാശിക്കും എന്നതിന്റെ ഉദാഹരണമായി അമേരിക്ക മാറിക്കൊണ്ടിരിക്കുകയാണ്.

ചൈനയെയും ഇറ്റലിയെയും മറികടന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ തലപ്പത്തെത്തിയ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു വീണത് 266 പേരാണ്.

ഇന്നലെ മാത്രം രോഗം സ്ഥിരീകരിക്കപ്പെട്ടതാവട്ടെ 17000 പേര്‍ക്കും.ഇതോടെ ആകെ രോഗികളുടെ എണ്ണം 85000 കവിഞ്ഞു.

ഈസ്റ്റര്‍ ദിനം എത്തുമ്പോഴേക്കും രാജ്യം പഴയനിലയിലാവുമെന്ന് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാനേയില്ല.

1300ല്‍ അധികം ആളുകളാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്. രാജ്യത്തെ രോഗബാധിതരില്‍ 50 ശതമാനവും ന്യൂയോര്‍ക്കിലാണെന്നത് ഭീകരത കൂട്ടുന്നു.

ന്യൂയോര്‍ക്കിന്റെ തൊട്ടടുത്ത പ്രദേശമായ ലൂസിയാനയില്‍ കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ നിലയില്‍ കാര്യങ്ങള്‍ പോയാല്‍ ഏപ്രില്‍ പകുതിയോടെ ആശുപത്രികള്‍ നിറഞ്ഞു കവിയും. അടുത്ത നാലു മാസത്തിനുള്ളില്‍ മരണസംഖ്യ 80000 ആകുമെന്നാണ് ചില പഠനങ്ങള്‍ വെളിപ്പെടുത്തിയത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക് ആന്‍ഡ് ഇവാലുവേഷന്റെ കണക്ക് പ്രകാരം, രോഗബാധ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്ന സമയത്ത്, അതായത് ഏപ്രില്‍ മദ്ധ്യത്തോടെ ഓരോ ദിവസവും 2,300 രോഗികള്‍ വരെ മരണമടയാം എന്നാണ് കാണിക്കുന്നത്.

സാമൂഹിക അകലം ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചാലും ഇത് സംഭവിക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇതൊന്നും ട്രംപിന്റെ തലയില്‍ വെളിച്ചം വീഴ്ത്താന്‍ പര്യാപ്തമായില്ല. അമേരിക്കയില്‍ നടത്തുന്ന പരിശോധനകളുടെ എണ്ണം വളരെ കൂടിയതാണ് ഈ കണക്കുകള്‍ക്ക് പിന്നിലെന്ന് ട്രംപ് അവകാശപ്പെടുന്നു.

ഇതിനിടയില്‍, രാജ്യത്തെ ലോ, മീഡിയം, ഹൈ റിസ്‌ക് മേഖലകളാക്കി ഓരോ മേഖലക്കും അനുയോജ്യമായ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉള്‍പ്പടെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ്ശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ ഇപ്പോള്‍ അവശ്യവസ്തുക്കളുടെ ലഭ്യത റേഷന്‍ സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. ആശുപത്രികളില്‍ പെഴ്സനല്‍ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്സ് (പിപിഇ) അഥവാ സംരക്ഷണോപാധികള്‍ ആവശ്യത്തിനു കിട്ടാതെ ആരോഗ്യപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുന്നുമുണ്ട്.

പ്രായമുള്ളവര്‍ക്ക് മാത്രം ബാധിക്കുന്ന രോഗം എന്ന ധാരണയും തിരുത്തപ്പെടുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് പുറത്തു വരുന്നത്.

പാതകളെല്ലാം വിജനമാണ്. യാത്രാ സമയം പകുതിയില്‍ താഴെയായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ 25 വരെയുള്ള കണക്കുകളനുസരിച്ചു കലിഫോര്‍ണിയയിലെ 10 ലക്ഷത്തോളം പേര്‍ക്കാണു തൊഴില്‍ ഇല്ലാതായത്.

റസ്റ്ററന്റുകളില്‍ ജോലി ചെയ്ത് പഠനത്തിനുള്ള പണമുണ്ടാക്കുന്ന വിദ്യാര്‍ഥികള്‍ക്കും വന്‍ തിരിച്ചടിയാണ് നേരിടുന്നത്. പലരുടെയും അവസ്ഥ ഇപ്പോള്‍ ജയില്‍ ജീവിതത്തിന് സമാനമാണ്.

Related posts

Leave a Comment