ഹൈദരാബാദ്: പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്നു രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത മിതവ്യയ നടപടികൾ പാലിച്ച് ജനങ്ങൾ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കുക, വിദേശയാത്രകൾ ഒഴിവാക്കുക, സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്കു മാറ്റിവയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണു പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഹൈദരാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടതു നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. യുദ്ധം തുടങ്ങിയ ശേഷം ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക് ഉയർന്നതും രൂപയുടെ മൂല്യം 95-ലേക്കു താഴ്ന്നതും രാജ്യത്തിനു വലിയ ബാധ്യതയാകുന്നുണ്ട്.
പെട്രോൾ, ഡീസൽ ഉപഭോഗം പരമാവധി കുറയ്ക്കുക, മെട്രോ സൗകര്യമുള്ള നഗരങ്ങളിൽ അത് ഉപയോഗിക്കുക, കാർ പൂളിംഗ് പ്രോത്സാഹിപ്പിക്കുക, കോവിഡ് കാലത്തു നടപ്പാക്കിയ “വർക്ക് ഫ്രം ഹോം’ രീതിയും ഓൺലൈൻ മീറ്റിംഗുകളും വീണ്ടും പ്രാവർത്തികമാക്കുക, ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നതും അത്യാവശ്യമല്ലാത്ത വിദേശയാത്രകളും ഒഴിവാക്കുക, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുക, രാസവളങ്ങൾക്കു പകരം പ്രകൃതിദത്ത കൃഷി രീതിയിലേക്കു മാറുക തുടങ്ങിയ നിർദേശങ്ങളാണു പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.
ആഗോള ഊർജ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇന്ധന വില വരും ദിവസങ്ങളിൽ വർധിപ്പിക്കേണ്ടി വന്നേക്കാമെന്ന സൂചനയും ഔദ്യോഗിക വൃത്തങ്ങൾ നൽകുന്നുണ്ട്. നിലവിൽ പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടമാണ് എണ്ണ കമ്പനികൾ നേരിടുന്നത്.
അതേസമയം, ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. മൂന്നു മാസമായിട്ടും കൃത്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. എന്നാൽ, പ്രധാനമന്ത്രിയുടെ ആഹ്വാനം ആത്മനിർഭർ ഭാരതത്തിലേക്കുള്ള ചുവടുവയ്പാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
