പരവൂർ: റെയിൽവേയുടെ ഏറ്റവും ജനപ്രിയമായ യുടിഎസ് (അൺ റിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം) ആപ്പിന്റെ പ്രവർത്തനം നിർത്തലാക്കുന്നു. 2026 മാർച്ച് ഒന്നുമുതൽ ഈ ആപ്പ് പ്രവർത്തനരഹിതമാകുമെന്ന് റെയിൽ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.മാർച്ച് ഒന്ന് മുതൽ എല്ലാത്തരം അൺ റിസർവ്ഡ് ടിക്കറ്റുകൾ, സീസൺ ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ എന്നിവ പുതിയ ആപ്പായ റെയിൽ വൺ വഴി മാത്രമേ ലഭ്യമാകുകയുള്ളൂ.
റെയിൽ വൺ ആപ്പ് ഇതുവരെ ഉപയോഗിച്ച് തുടങ്ങാത്തവർ ഉടൻ തന്നെ അത് ഡൗൺലോഡ് ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. യുടിഎസ് ആപ്പിൽ ഉപയോഗിച്ച് വന്ന യൂസർ നെയിമും പാസ് വേർഡും തന്നെ റെയിൽ വൺ ആപ്പിൽ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. കൗണ്ടറിൽ പോയി ക്യൂ നിൽക്കാതെ, ചില്ലറ തുകകളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതെ യാത്രക്കാർക്ക് മൊബൈൽ ഫോൺ വഴി ജനറൽ ടിക്കറ്റുകൾ എടുക്കാവുന്നതായിരുന്നു യുടിഎസ് ആപ്പ് സംവിധാനം.
പേപ്പർലെസ് ടിക്കറ്റിംഗ്, കാഷ്ലെസ് ട്രാൻസാക്ഷനുകൾ (ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ, ഇ-വാലറ്റുകൾ) എന്നിവയായിരുന്നു ഈ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത.ട്രെയിൻ ഷെഡ്യൂസുകളും റണ്ണിംഗ് സ്റ്റാറ്റസും അറിയാനും ഇതിൽ സംവിധാനം ഉണ്ടായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും വിവരങ്ങൾ ലഭ്യമായിരുന്നു.
2014 ഡിസംബറിലാണ് സെൻട്രൽ റെയിൽവേയിൽ പരീക്ഷണാർഥം പൈലറ്റ് പ്രോജക്ടായി ഈ ആപ്പ് ആരംഭിച്ചത്. തുടർന്ന് 2015 നവംബറിൽ ഇത് രാജ്യവ്യാപകമായി തുടങ്ങുകയായിരുന്നു.ഇന്ത്യൻ റെയിൽവേയുടെ വിവിധ സേവനങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുടിഎസ് ആപ്പ് നിർത്തലാക്കി സൂപ്പർ ആപ്പായ “റെയിൽ വൺ’ എന്ന ആപ്പിലേക്ക് മാറുന്നത്.
എസ്.ആർ. സുധീർ കുമാർ
