കോട്ടയം: ശബരി റെയില്‍ പദ്ധതി പ്രഖ്യാപനം വന്നിട്ട് 27 വര്‍ഷമാകുന്പോൾ പാത തിരുവനന്തപുരത്തേക്ക് നീട്ടാൻ ശ്രമമാരംഭിച്ചിരിക്കുന്നു. അങ്കമാലി മുതല്‍ എരുമേലി വരെ 111 കിലോമീറ്റർ ദൈര്‍ഘ്യമുള്ള പദ്ധതി നടപ്പിലാക്കാന്‍ ചെറുവിരല്‍ അനക്കാത്ത സംസ്ഥാന സര്‍ക്കാരാണ് പാത തിരുവനന്തപുരം വരെ നീട്ടാൻ നീക്കമാരംഭിച്ചിരിക്കുന്നത്. ശബരി റെയില്‍പ്പാത തിരുവനന്തപുരത്തേക്കു നീട്ടുന്നതിനു കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് കഴിഞ്ഞദിവസം ശിപാര്‍ശ ചെയ്തിരുന്നു.
കേരള സര്‍ക്കാരിന്റെയും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണു കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്.
കാലടി മുതല്‍ എരുമേലി വരെ സ്ഥലമേറ്റെടുക്കാന്‍ പണമില്ലാത്ത സര്‍ക്കാരാണു പദ്ധതിക്ക് നീളം കൂട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. എരുമേലി വരെ സ്ഥലം ഏറ്റെടുക്കുന്നതിന് പ്രഥമ പരിഗണന നല്‍കാനും പദ്ധതി വിപുലീകരണം പിന്നീട് മതിയെന്നുമാണ് റെയില്‍വേ മന്ത്രാലയത്തിന്റെ താത്പര്യം. അങ്കമാലി മുതല്‍ എരുമേലി വരെ 111 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഇതില്‍ എട്ടു കിലോമീറ്റർ മാത്രമാണ് റെയില്‍വേ ഭൂമി ഏറ്റെടുത്തിരിക്കുന്നത്.
പാതയ്ക്കായി ഭൂമി വിട്ടുകൊടുത്ത 2,862 കുടുംബങ്ങള്‍ നഷ്ടപരിഹാരം ലഭിക്കാതെ കാല്‍നൂറ്റാണ്ടിലേറെയായി പ്രതിസന്ധിയിലാണ്. സര്‍വേക്കല്ല് സ്ഥാപിച്ച ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാത്ത സ്ഥിതി. എറണാകുളം ജില്ലയിലെ അങ്കമാലി മുതല്‍ കോട്ടയം ജില്ലയിലെ രാമപുരം വരെ 70 കിലോമീറ്റര്‍ നീളത്തിലാണ് സര്വേക്കല്ലുകളുള്ളത്.
സ്ഥലമെടുപ്പ് ഓഫീസുകള്‍ വീണ്ടും തുറക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാൽ, ഇതിനുള്ള പണം എങ്ങനെ നൽകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവയാണ് നിലവിലെ നിര്‍ദിഷ്ട സ്റ്റേഷനുകള്‍.
എരുമേലിയില്‍നിന്നും നെടുമങ്ങാട് വരെ പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. അനേകം വീടുകളും സ്ഥാപനങ്ങളും പൊളിച്ചുമാറ്റേണ്ടിവരും. പമ്പ, അച്ചന്‍കോവില്‍ ഉള്‍പ്പെടെ വിവിധ നദികളില്‍ പുതിയ പാലങ്ങള്‍ നിര്‍മിക്കേണ്ടിവരും. എരുമേലി മുതല്‍ തിരുവനന്തപുരം ബാലരാമപുരം വരെ 160 കിലോമീറ്റർ നിര്‍ദിഷ്ടപാതയില്‍ 13 സ്റ്റേഷനുകളാണുള്ളത്. ശബരി റെയില്‍പാത എരുമേലിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് നീട്ടുന്നിന്റെ പ്രാഥമിക സര്‍വേ 2013ല്‍ റെയില്‍വേ നടത്തിയിരുന്നു. എരുമേലി, അത്തിക്കയം, പെരിനാട് റോഡ്, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കിളിമാനൂര്‍, വെഞ്ഞാറമൂട് റോഡ്, നെടുമങ്ങാട്, കാട്ടാക്കട, ബാലരാമപുരം എന്നിവയാണ് നിര്‍ദിഷ്ട സ്റ്റേഷനുകള്‍.
