ലക്നോ: ഉത്തർപ്രദേശിൽ ബുധനാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും മിന്നലിലും മരിച്ചവരുടെ എണ്ണം 117 ആയി. ഇരുന്നൂറിലേറെ പേർക്കു പരിക്കേറ്റു. പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 21 പേരാണ് ഇവിടെ മാത്രം മരിച്ചത്. 227 വീടുകൾ മഴക്കെടുതിയിൽ നശിച്ചു. ഇവയിൽ പലതും പൂർണമായി തകർന്നു.
പ്രയാഗ്രാജ്, ഭാദോഹി, ഫത്തേപുർ, സോൻഭദ്ര തുടങ്ങിയ ജില്ലകളെയാണ് മഴ ഏറ്റവുമധികം ബാധിച്ചത്. വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും റോഡുകൾ തകരുകയും വാഹനങ്ങൾക്കു കേടുപാടു സംഭവിക്കുകയും ചെയ്തു.
ദുരന്തത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നാലു ലക്ഷം രൂപ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
