വാളയാറിലെ ഇളയകുട്ടി ആത്മഹത്യ ചെയ്തതല്ലെന്നു സംശയം ! കൊലപാതകമാവാമെന്ന് പറഞ്ഞപ്പോള്‍ പോലീസ് ഗൗനിച്ചതേയില്ലെന്നു കുട്ടിയുടെ പിതാവ്; മൂന്നരമീറ്റര്‍ ഉയരത്തില്‍ ഇരിക്കുന്ന ഉത്തരത്തില്‍ എങ്ങനെ…?

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായതായി സൂചന. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. എട്ടു വയസ്സുകാരിയായ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് താന്‍ പല തവണ പോലീസിനോട് അവര്‍ത്തിച്ചു പറഞ്ഞിട്ടും അവര്‍ കേട്ട ഭാവം നടിച്ചില്ലെന്ന് പിതാവ് ഒരു വാര്‍ത്താ ചാനലിനോടു പറഞ്ഞു.

മകളെ കൊന്ന ശേഷം കെട്ടിത്തൂക്കിയതായി സംശയിക്കുന്നതായും പിതാവ് പ്രതികരിച്ചു. കേസില്‍ സാക്ഷിമൊഴി വായിച്ചു കേള്‍പ്പിക്കാന്‍ തയ്യാറായില്ലെന്ന് കുട്ടികളുടെ മാതാവ് ആരോപിച്ചതിന് പിന്നാലെയാണ് പിതാവും വന്നത്. എട്ടു വയസ്സ് മാത്രമുള്ള കുട്ടി എങ്ങിനെയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും മകളെ കൊന്നുകെട്ടിത്തൂക്കി എന്നാണ് സംശയിക്കുന്നതെന്നും പോലീസിനോട് പറഞ്ഞപ്പോള്‍ അവര്‍ ആത്മഹത്യയാണെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്. അക്കാര്യം പല തവണ പോലീസ് നിര്‍ബ്ബന്ധപൂര്‍വ്വം പറയുകയും ചെയ്തു.

കുട്ടികളും മാതാപിതാക്കളും താമസിച്ചിരുന്നത് ഓടിട്ട വലിപ്പമില്ലാത്ത ചെറിയ വീട്ടിലായിരുന്നു. ഇവിടെ ഉത്തരം മുതല്‍ മൂന്നര മീറ്ററെങ്കിലൂം ഉയരമുണ്ട്. കുട്ടിയുടെ ഉയരം 132 സെന്റിമീറ്റര്‍ മാത്രമാണ്. കട്ടിലില്‍ കയറി നിന്നാല്‍ പോലും ഉത്തരത്തില്‍ എത്തുകയില്ല എന്നിരിക്കെ കുട്ടി എങ്ങിനെയാണ് ഉത്തരത്തില്‍ കുടുക്കിട്ട് തൂങ്ങി മരിക്കുന്നത് എന്ന സംശയമാണ് വീട്ടുകാരും നാട്ടുകാരും ഉയര്‍ത്തുന്നുണ്ട്. കുട്ടികള്‍ പീഡനത്തിനിരയായെന്ന് വിവരം അറിഞ്ഞത് മരണ ശേഷമായിരുന്നു എന്നും പിതാവ് പറയുന്നു.

മൃതദേഹത്തിലെ കഴുത്തിലെ മുറിവും മറ്റും വെച്ച് കൊലപാതകമാണെന്ന സംശയം ഫോറന്‍സിക് വിദഗ്ദ്ധനും പങ്കുവെച്ചിരുന്നതായി വിവരമുണ്ട്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകത്തിന് സാധ്യതയുണ്ടെന്ന സംശയം ഉയര്‍ന്നിരുന്നെങ്കിലും ഇതൊന്നും പോലീസ് പരിഗണിച്ചില്ല. രണ്ടാമത്തെ കുട്ടി ആത്മഹത്യ ചെയ്തതാകില്ലെന്ന് കേസിലെ അഞ്ചാം സാക്ഷിയും പറഞ്ഞു. തന്നെ പ്രോസിക്യൂഷന്‍ വിചാരണ ചെയ്തില്ലെന്നും വ്യക്തമാക്കി. 2017 ജനുവരി 13നായിരുന്നു അട്ടപ്പള്ളത്ത് 13വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടു മാസത്തിന് ശേഷം മാര്‍ച്ച് നാലിന് ഇളയകുട്ടിയും മരിക്കുകയായിരുന്നു. രണ്ടു പെണ്‍കുട്ടികളും പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഒക്ടോബര്‍ 25നാണ് കേസിലെ മൂന്ന് പ്രതികളെയും പാലക്കാട് പോക്സോ കോടതി വെറുതേ വിട്ടത്. കേസ് അട്ടിമറിക്കാന്‍ പോലീസും പ്രോസിക്യൂഷനും മനപ്പൂര്‍വ്വം ശ്രമിച്ചതായി നേരത്തേ പെണ്‍കുട്ടിയുടെ മാതാവും ആരോപിച്ചിരുന്നു. പ്രതികള്‍ക്ക് സിപിഎമ്മുമായും അനുബന്ധ സംഘടനകളുമായും ബന്ധമുണ്ടെന്നും മാതാവ് ഒരു മാധ്യമത്തോടു വെളിപ്പെടുത്തിയിരുന്നു. ഭരണസ്വാധീനം ഉപയോഗിച്ച് പോലീസിന്റെ സഹായത്തോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആരോപണം.

Related posts