പരവൂർ: വരാനിരിക്കുന്ന ഓണസീസണിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ബംഗളൂരു മലയാളികൾക്ക് വലിയ ആശ്വാസ വാർത്ത. എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആയി റെയിൽവേ ഉയർത്തി.
വന്ദേഭാരത് സർവീസ് ആരംഭിച്ച് ഏഴ് മാസം പിന്നിടുമ്പോഴാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാൻ തീരുമാനിച്ചത്. 16 കോച്ചുകളുള്ള പുതിയ ട്രെയിൻ ഈ മാസം മധ്യവാരത്തോടെ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
പുതിയ 16 കോച്ചുകളുള്ള ട്രെയിൻ ബംഗളൂരു ഡിവിഷന് ലഭ്യമാകുന്നതോടെ നിലവിലെ യാത്രാശേഷി 530ൽ നിന്നും 1128 ആയി വർധിക്കും.
അധികമായി ലഭിക്കുന്ന 598 സീറ്റുകൾ ജോലിക്കും പഠനത്തിനുമായി ബെംഗളൂരുവിൽ താമസിക്കുന്ന പതിനായിരക്കണക്കിന് മലയാളികൾക്ക് ഏറെ പ്രയോജനകരമാകും.
ബംഗളൂരു – എറണാകുളം ട്രെയിൻ രാവിലെ 5.10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50-ന് എറണാകുളത്ത് എത്തും. എറണാകുളം – ബംഗളൂരു (മടക്ക ട്രെയിൻ ഉച്ച കഴിഞ്ഞ് 2.20-ന് പുറപ്പെട്ട് രാത്രി 11 ന് ബെംഗളൂരുവിൽ തിരിച്ചെത്തും. ബുധനാഴ്ചകളിൽ ഈ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുന്നതല്ല. ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1670 രൂപയും, എക്സിക്യൂട്ടീവ് ചെയർകാറിൽ 3030 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
