ന്യൂഡൽഹി: ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാൻ സ്ഥാനപതി (അപ്പൊസ്തലിക് നുൺഷ്യോ) ആർച്ച്ബിഷപ് ലെയോപോൾദൊ ജിറെല്ലിക്ക് യാത്രയയപ്പ് നൽകി. കേന്ദ്ര വിദേശകാര്യമന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള ബന്ധം നിലനിർത്തുന്നതിന് ആർച്ച്ബിഷപ് നൽകിയ സംഭാവനകൾക്ക് സിബി ജോർജ് നന്ദി അറിയിച്ചു.
യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയിലേക്കാണ് ആർച്ച്ബിഷപ് ജിറെല്ലിയെ ലെയോ പതിനാലാമൻ മാർപാപ്പ കഴിഞ്ഞമാസം സ്ഥലം മാറ്റിയത്. 2021 മാർച്ച് 13 മുതൽ ഇന്ത്യയുടെ അപ്പൊസ്തലിക് നുണ്ഷ്യോയായി പ്രവർത്തിച്ചുവരികയായിരുന്നു 73കാരനായ ആർച്ച്ബിഷപ് ജിറെല്ലി. ഇറ്റലിയിലെ പ്രെദൊരെ സ്വദേശിയായ അദ്ദേഹം 1987ലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിൽ പ്രവേശിച്ചത്.
