തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി പോര് തകൃതിയായി നടക്കുന്നതിനിടയിൽ പല ഇടങ്ങളിലായി പൊന്തുന്ന ഫ്ളക്സുകളും പാർട്ടിക്കുള്ളിൽ പ്രവർത്തകർ തമ്മിലുണ്ടാകുന്ന വഴക്കുകളിലും പ്രതികരിച്ച് വി. ഡി സതീശൻ.
ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. കോൺഗ്രസ് -യുഡിഎഫ് പ്രവർത്തകർ അത്തരം നടപടികളിൽ നിന്ന് പിൻമാറണമെന്നും സതീശൻ അഭ്യർഥിച്ചു.
102 സീറ്റുമായി കോൺഗ്രസിന്റേയും യുഡിഎഫിന്റേയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. ഇത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷമാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ലെന്ന് സതീശൻ പറഞ്ഞു.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.
