കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും. നിലവിൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് മന്ത്രി.
കഴുത്തിലെ ക്ഷതം എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം. ബുധനാഴ്ച രാത്രി 10 ഓടെയാണ് വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
പരിക്കേറ്റതിന് പിന്നാലെ കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മന്ത്രി ചികിത്സ തേടിയത്. ബുധനാഴ്ച വൈകിട്ട് മുതൽ അഞ്ച് മണിക്കൂറിലേറെ വീണാ ജോർജ് ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
പിന്നാലെ കൂടുതൽ പരിശോധനകൾക്കും വിദഗ്ധ ചികിത്സയ്ക്കുമായാണ് മന്ത്രിയെ രാത്രിയോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കെഎസ്യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നാണ് മന്ത്രിയുടെ ആരോപണം.
