പരസ്യം കണ്ട് ഒരു മരുന്നുവാങ്ങി! ഇത് കഴിച്ചാല്‍ തടി കുറയുമെന്നായിരുന്നു പരസ്യം; വണ്ണം കുറയ്ക്കാനുള്ള മരുന്ന് വാങ്ങിക്കഴിച്ച് കബളിക്കപ്പെട്ടിട്ടുണ്ടെന്ന് ഉപരാഷ്ട്രപതിയുടെ വെളിപ്പെടുത്തല്‍

വിപണിയില്‍ പ്രചരിക്കുന്ന പലതരത്തിലുള്ള മരുന്നുകളും വാങ്ങിക്കഴിച്ച് പലര്‍ക്കും അബദ്ധം പിണഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ തനിക്ക് സംഭവിച്ച ഒരബദ്ധം വെളിപ്പെടുത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്തെത്തിയിരിക്കുന്നു. വിപണിയില്‍ പ്രചാരത്തിലുള്ള വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ വാങ്ങി താന്‍ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെക്കുറിച്ച് രാജ്യസഭയില്‍ നടത്തിയ ചര്‍ച്ചയിലാണ് മരുന്ന് വാങ്ങി വഞ്ചിക്കപ്പെട്ട കാര്യം ഉപരാഷ്ട്രപതി വ്യക്തമാക്കിയത്.

1000 രൂപ ചെലവാക്കി ഒരു മരുന്ന് വാങ്ങി. ഇത് കഴിച്ചാല്‍ തടി കുറയുമെന്നായിരുന്നു പരസ്യം. എന്നാല്‍ തന്റെ വണ്ണത്തില്‍ യാതൊരുവിധ കുറവും വന്നില്ല. ശരീരത്തിലെ കൊഴുപ്പ് കുറച്ച് തടി കുറയ്ക്കാന്‍ സാധിക്കും എന്നതായിരുന്നു പരസ്യം. കുറച്ച് നാളുകള്‍കൊണ്ട് തടി കുറയ്ക്കാന്‍ സാധിക്കും എന്നും പരസ്യത്തില്‍ ഉണ്ടായിരുന്നു. ഇതൊക്കെ വിശ്വസിച്ചാണ് മരുന്ന് വാങ്ങി കഴിച്ചത്. എന്നാല്‍ മരുന്നുകൊണ്ട് യാതൊരു പ്രയോജനവും തനിക്കുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ കബളിക്കപ്പെട്ടു എന്ന് മനസിലായപ്പോള്‍ ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് പരാതി നല്‍കി. പരാതി പ്രകാരം അന്വേഷിച്ചപ്പോള്‍ പരസ്യം നല്‍കിയ കമ്പനി ഡല്‍ഹി കേന്ദ്രീകരിച്ചുകൊണ്ടുള്ളതല്ലെന്നും അമേരിക്ക കേന്ദ്രീകരിച്ചുള്ളതാണെന്നും മനസിലായതായും ഉപരാഷ്ട്രപതി പറഞ്ഞു. വ്യാജപരസ്യങ്ങളില്‍ ജനങ്ങള്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇത്തരം വ്യാജപരസ്യങ്ങള്‍ക്കെതിരെ കടുത്ത നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഉപഭോക്തൃ മന്ത്രാലയ വകുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts