തെറ്റിദ്ധാരണ കൃത്യമായി പറഞ്ഞു തീര്‍ക്കാന്‍ കഴിയാതെ വന്നതാണ് പ്രശ്‌നമായത്; സാന്ദ്രയുമായി ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ല; അന്നു നടന്ന കാര്യങ്ങളെക്കുറിച്ച് വിജയ് ബാബുവിന് പറയാനുള്ളത്…

മലയാള സിനിമയ്ക്ക് ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും സമ്മാനിച്ച വിജയ് ബാബു-സാന്ദ്രാ തോമസ് കൂട്ടുകെട്ട് വേര്‍പിരിഞ്ഞത് അപ്രതീക്ഷിതമായായിരുന്നു. ഒട്ടനവധി പുതുമുഖ സംവിധായകരാണ് ഇവര്‍ ഉടമകളായ ഫ്രൈഡേ ഫിലിംസിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും ഫ്രൈഡേ ഫിലിംസില്‍നിന്ന് സാന്ദ്ര പങ്കാളിത്തം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സാന്ദ്രയുമായി ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലെന്നും സാന്ദ്ര ഇപ്പോഴും തന്റെ സുഹൃത്താണെന്നും തുറന്നു പറയുകയാണ് വിജയ് ബാബു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് ബാബു മനസ്സു തുറന്നത്.

ഞാനും സാന്ദ്രയും തമ്മില്‍ ഒരു ചെറിയ പ്രശ്നം ഉണ്ടായപ്പോള്‍ എല്ലാവരും ചേര്‍ന്ന് അതു വലുതാക്കി. ഒരാള്‍ വീഴുമ്പോള്‍ അത് ആഘോഷിക്കാന്‍ ഒരുപാട് ആളുകളുണ്ടാകും. അങ്കമാലി ഡയറീസിന് മുന്‍പായിരുന്നു അത്. എന്റെ ജീവിതത്തില്‍ വളരെ ദുര്‍ഘടം പിടിച്ച സമയമായിരുന്നു അത്. അതിനു ശേഷം അങ്കമാലി ഹിറ്റായപ്പോള്‍ വിവാദങ്ങള്‍ കെട്ടടങ്ങി. പിന്നീട് ആട് 2 ഹിറ്റായി. ആ സമയത്ത് ഞാന്‍ ഗൂഗിളില്‍ എന്റെ പേര് സെര്‍ച്ച് ചെയ്ത് വാര്‍ത്തകള്‍ വായിക്കുമായിരുന്നു. സാന്ദ്ര- വിജയ് ബാബു പ്രശ്നം ആയിരുന്നു ആദ്യം എല്ലാവരും ആഘോഷിച്ചത്. പിന്നീട് ആടിനെക്കുറിച്ചും അങ്കമാലി ഡയറീസിനെക്കുറിച്ചുമുള്ള വാര്‍ത്തകളായി.

നമ്മള്‍ വിശ്വസിക്കാന്‍ പാടില്ലാത്ത ചിലരുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഉണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് സാന്ദ്രയും ഞാനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായത്. പണത്തിന്റെ പേരിലല്ല, വൈകാരികതയുടെ പുറത്തുണ്ടായ ഒരു ചെറിയ പ്രശ്നമായിരുന്നു അത്. സാന്ദ്ര അവിവാഹിതയായിരുന്ന സമയത്ത് എന്തു ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായാലും അത് പറഞ്ഞു തീര്‍ക്കാന്‍ സാധിക്കുമായിരുന്നു.

വിവാഹത്തിന് ശേഷം അവര്‍ മറ്റൊരു സാഹചര്യത്തിലാണ്. ആ സമയത്ത് അത് പറഞ്ഞു തീര്‍ക്കാനുള്ള ഒരു സാധ്യത ഇല്ലായിരുന്നു. വെറും രണ്ടു ദിവസം നീണ്ട ഒരു പിണക്കമായിരുന്നു അത്. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നിര്‍മാണ രംഗത്ത് ഇനി ആരെയും പങ്കാളിയാക്കില്ലെന്നും വിജയ് ബാബു പറഞ്ഞു. തനിക്ക് പണം ഉണ്ടെങ്കില്‍ സിനിമ നിര്‍മിക്കുമെന്നും അത്ര മാത്രമേയുള്ളൂവെന്നും വിജയ് ബാബു പറഞ്ഞു.

Related posts