വൈദ്യുതി എത്തിക്കുമെന്ന് ഉറപ്പു നല്‍കി ! ബിഹാറില്‍ മൂന്നുദിവസമായി ഗ്രാമവാസികള്‍ ബന്ദികളാക്കിയിരുന്ന 150 പേരെ മോചിപ്പിച്ചു;സംഭവം ഇങ്ങനെ…

പാറ്റ്‌ന: ഗ്രാമത്തില്‍ വൈദ്യുതി ഇല്ലാത്തതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ ബന്ധികളാക്കിയ 150 ആളുകളെ മോചിപ്പിച്ചു. ഗ്രാമത്തിലെ വൈദ്യുതി പ്രശ്‌നത്തിനു ശാശ്വത പരിഹാരമാകുന്നതു വരെ താല്‍കാലികമായി വൈദ്യുതി എത്തിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് മൂന്നു ദിവസമായി ബന്ദികളാക്കിയിരുന്ന ബിആര്‍ബിസിഎല്ലിലെ ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 150 പേരെ ഗ്രാമവാസവാസികള്‍ തന്നെ മോചിപ്പിച്ചത്. ഔറംഗാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത്.

ഔറംഗാബാദ് ജില്ലയിലെ ഗ്രാമങ്ങളില്‍ സൗത്ത് ബിഹാര്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി (എസ്ബിപിഡിസിഎല്‍) വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കുന്നതു വരെ ഭാരതീയ റെയില്‍ ബിജ്‌ലി കമ്പനി (ബിആര്‍ബിസിഎല്‍) വൈദ്യുതി നല്‍കുമെന്നാണു ധാരണയെന്ന് ഔറംഗബാദ് ജില്ലാ മജിസ്‌ട്രേറ്റ് രാഹുല്‍ രഞ്ജന്‍ മഹിവാല്‍ പറഞ്ഞു.

എന്നാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. ഔറംഗബാദ് ജില്ലാ ഭരണകൂടവും ബിആര്‍ബിസിഎല്‍ പ്രതിനിധികളും ഗ്രാമവാസികളും പങ്കെടുത്ത യോഗത്തിലാണു തീരുമാനം.

ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനു സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് എന്‍ടിപിസി(നാബിനഗര്‍ തെര്‍മല്‍ പവര്‍ പ്രൊജക്ട്) വക്താവ് വിശ്വനാഥ് ചന്ദ്രന്‍ പറഞ്ഞു.

എല്ലാവരുടെയും താല്‍പര്യം കണക്കിലെടുത്താണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കാന്‍ ബിആര്‍ബിസിഎല്ലിനു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ ശാശ്വതപരിഹാരമുണ്ടാക്കുമെന്നു എസ്ബിപിഡിസിഎല്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും എന്‍ടിപിസിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഗ്രാമവാസികള്‍ കല്ലെറിയുകയും ടൗണ്‍ഷിപ്പിന്റെ പ്രധാനകവാടത്തിനു മുന്നില്‍ ടയറുകള്‍ കൂട്ടിയിട്ടു കത്തിക്കുകയും പാല്‍, പച്ചക്കറി, മരുന്ന് തുടങ്ങിയവ ഇവിടേക്കു കൊണ്ടുവരുന്നതു തടയുകയും ചെയ്‌തെന്നു കാട്ടി ബിആര്‍ബിസിഎല്‍ മാനേജ്‌മെന്റ് തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ഏഴു വര്‍ഷമായി ഗ്രാമവാസികള്‍ വൈദ്യുതി മോഷണം നടത്തിയിരുന്നതായും മൂന്നു ദിവസം മുന്‍പ് ഷോര്‍ട്ട്‌സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് അതു നിലച്ചതെന്നും ബിആര്‍ബിസിഎല്‍ അധികൃതര്‍ ആരോപിച്ചു.

Related posts