വിനോദ് റായിയെ ബിസിസിഐ അധ്യക്ഷനായി നിയമിച്ചു

rai-lന്യൂഡൽഹി: മുൻ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (സിഎജി) വിനോദ് റായിയെ ബിസിസിഐ ഇടക്കാല അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ചു. രാമചന്ദ്ര ഗുഹ, വിക്രം ലിമായെ, ഡയാന എഡുൽജി എന്നിവരാണ് ബിസിസിഐ ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ. ഡയാന എഡുൽജി മുൻ ഇന്ത്യൻ വനിത താരമാണ്. പ്രമുഖ ചരിത്രകാരനും പരിസ്ഥിതി പ്രവർത്തകനുമായ രാമചന്ദ്ര ഗുഹ ക്രിക്കറ്റ് കോളമിസ്റ്റായും ശ്രദ്ധനേടിയ വ്യക്തിയാണ്.


നേരത്തെ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയിലെ അംഗങ്ങളായ ഗോപാൽ സുബ്രഹ്മണ്യം, അനിൽ ദിവാൻ എന്നിവർ ഒൻപത് പേരുടെ പട്ടികകൾ കോടതിക്ക് നൽകിയിരുന്നു. ബിസിസിഐയോടും കേന്ദ്ര സർക്കാരിനോടും പേരുകൾ നിർദ്ദേശിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ബിസിസിഐയും കേന്ദ്രവും നിർദ്ദേശിച്ച പേരുകളെല്ലാം കോടതി തള്ളിക്കളഞ്ഞു.

അമിതാഭ് ചൗധരിയും വിക്രം ലിമായെയും ഐസിസി യോഗങ്ങളിൽ ബിസിസിഐയുടെ പ്രതിനിധികളായും കോടതി നിയമിച്ചു. ആർ.എം.ലോധ സമിതിയുടെ ശിപാർശകൾ പൂർണമായും നടപ്പാക്കാൻ കോടതി ഭരണസമിതിക്ക് നിർദ്ദേശം നൽകി. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്.

ഐപിഎൽ കോഴവിവാദം ഉയർന്നതിന് പിന്നാലെയാണ് ബിസിസിഐയുടെ ഭരണകാര്യങ്ങൾ സുപ്രീം കോടതി ഇടപെട്ടത്. ബിസിസിഐയുടെ പ്രവർത്തന രീതി പരിശോധിക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും കോടതി ജസ്റ്റീസ് ആർ.എം.ലോധയെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയായിരുന്നു. ലോധ സമിതി സമർപ്പിച്ച ശിപാർശകൾ സുപ്രീം കോടതി പൂർണമായി അംഗീകരിക്കുകയും ചെയ്തു.

Related posts