ഇന്ത്യയിലെ നഗരങ്ങളായ ഡൽഹി, മുംബൈ, ബംഗളൂരു എന്നിവയിൽ ഏതാണ് ജീവിക്കാൻ ഏറ്റവും അനുയോജ്യമെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ്. ഇപ്പോഴിതാ, കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഒരു ഡച്ച് ട്രാവൽ ഇൻഫ്ലുവൻസർ മാതൃത്വത്തിലേക്ക് കടന്നതിന് ശേഷം മുംബൈയേക്കാൾ തനിക്ക് പ്രിയം ബംഗളൂരുവാണെന്ന് വ്യക്തമാക്കിയതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ഇവാന എന്ന ഇൻഫ്ലുവൻസറാണ് ബംഗളൂരുവിലെ പച്ചപ്പും ശാന്തതയും നിറഞ്ഞ ജീവിതത്തിലേക്ക് തിരികെ പോകാൻ ആഗ്രഹിച്ച തന്റെ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വർഷങ്ങളായി മുംബൈയിൽ ജീവിക്കുക എന്നത് വലിയൊരു സ്വപ്നമായിരുന്നുവെന്ന് ഇവാന പറയുന്നു. തുടർന്ന് ബംഗളൂരുവിൽ നിന്നും അവർ മുംബൈയിലേക്ക് താമസം മാറുകയും ചെയ്തു.
എന്നാൽ, നഗരത്തിലെത്തിയതോടെയാണ് തന്റെ മുൻഗണനകൾ മാറിയതായും, താൻ ഉപേക്ഷിച്ചുപോന്ന ബംഗളൂരുവിലെ ശാന്തവും പച്ചപ്പുള്ളതുമായ ജീവിതത്തെ എത്രത്തോളം വിലമതിച്ചിരുന്നുവെന്നും അവർ തിരിച്ചറിഞ്ഞത്. മാതൃത്വം ഒരു നഗരത്തെ നോക്കിക്കാണുന്ന തന്റെ കാഴ്ചപ്പാടിനെ പൂർണമായും മാറ്റിയെന്ന് ഇവാന വ്യക്തമാക്കുന്നു.
മുൻപ് മുംബൈയിലെ തിരക്കും വേഗതയേറിയ ജീവിതവും തന്നെ ആകർഷിച്ചിരുന്നെങ്കിലും, ജീവിതത്തിലെ പുതിയ ഘട്ടത്തിൽ താൻ ആഗ്രഹിച്ചത് സുരക്ഷിതത്വവും സമാധാനവുമാണെന്ന് അവർ കൂട്ടിച്ചേർത്തു. വർഷങ്ങളോളം മുംബൈ എന്റെ സ്വപ്ന നഗരമായിരുന്നു. എന്നാൽ ഞാൻ അവിടെ താമസം മാറിയ അന്ന് തന്നെ എനിക്ക് ബംഗളൂരുവിലേക്ക് തിരികെ പോകാനാണ് തോന്നിയതെന്ന് ഇവാന കുറിച്ചു. മുംബൈയിലേക്കുള്ള മാറ്റം ഇവാനയ്ക്ക് അത്ര എളുപ്പമായിരുന്നില്ല.
ഗർഭകാലത്തെ കടുത്ത ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോയത്. കടുത്ത വിളർച്ചയും പ്ലസന്റയിലെ രക്തസ്രാവവും കാരണം പുതിയ നഗരം ചുറ്റിക്കാണാനോ സുഹൃത്തുക്കളെ ഉണ്ടാക്കാനോ ഉള്ള ആരോഗ്യം അവർക്കുണ്ടായിരുന്നില്ല. ബംഗളൂരുവിലെ വിശാലവും വായുസഞ്ചാരമുള്ളതുമായ വീട്ടിൽ നിന്നും മുംബൈയിലെ ചെറിയ ഫ്ലാറ്റിലേക്കുള്ള മാറ്റം മാനസികമായി ഏറെ തളർത്തിയെന്നും അവർ പറയുന്നു. അമ്മയാകുന്നതുപോലുള്ള വലിയ ജീവിത മാറ്റങ്ങൾ ഒരു നഗരത്തെക്കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകളെ എങ്ങനെ മാറ്റുന്നുവെന്നതിന് തെളിവാണ് ഇവാനയുടെ അനുഭവമെന്ന് വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റ് ചെയ്തു.
