കോട്ടയം: സെന്‍ട്രല്‍ ജംഗ്ഷന്, തിരുനക്കര, ശീമാട്ടി റൗണ്ടാന, ബേക്കര്‍ ജംഗ്ഷന്, ലോഗോസ്, കളക്ട്രേറ്റ് ജില്ലയിലെ ആളുകള്‍ ധാരാളമെത്തുന്ന ഇടങ്ങളാണിത്. പക്ഷേ, സന്ധ്യ മയങ്ങിയാല്‍ ഇതുവഴിയെല്ലാം നടക്കണമെങ്കില്‍ കയ്യിലൊരു ടോര്‍ച്ചോ അല്ലെങ്കില്‍ മൊബൈല്‍ വെട്ടമോ വേണം.
ഈ പ്രദേശങ്ങളിലെ വഴിവിളക്കുകള്‍ മിഴിയടച്ചതാണ് കോട്ടയം പട്ടണത്തെയാകെ ഇരുട്ടിലാക്കിയിരിക്കുന്നത്. സന്ധ്യ മയങ്ങി വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കുന്നതോടെ നഗരവും നഗര പ്രദേശങ്ങളും കൂരിരുട്ടിലാണ്. രാത്രികാലത്തും ഏറെ യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുകയും ബസില്‍ വന്നിറങ്ങുകയും ചെയ്യുന്ന ബേക്കര്‍ ജംഗ്ഷനില്‍ പെട്രോള്‍ പമ്പ്, രാത്രി കടകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് യാത്രക്കാരുടെ ആശ്രയം.
നഗര കവാടങ്ങളായ നാഗമ്പടത്തും ഐഡ ജംഗ്ഷനിലും കഞ്ഞിക്കുഴിയിലും സ്ഥിതി വ്യത്യസ്ഥമല്ല. നാഗമ്പടത്തെ റൗണ്ടാനയില്‍ സ്വകാര്യ സ്ഥാപനം സ്ഥാപിച്ചിട്ടുള്ള അലങ്കാര ബള്‍ബുകള്‍ മാത്രമാണ് പ്രകാശിക്കുന്നത് ഇവിടെ ഒരു ഹൈമാസ്റ്റ് ലൈറ്റും രണ്ട് സോളാര്‍ ലൈറ്റുകളും ഉണ്ടെങ്കിലും ഇവ മിഴിയടച്ചിട്ട് നാളുകാളായി. നാഗമ്പടം മേല്‍പാലത്തിലും വെളിച്ചമില്ല.
മേല്‍പാലത്തിലെ ഫുട്പാത്തില്‍ സ്ലാബുകള്‍ ഇളകിക്കിടക്കുന്നതിനാല്‍ ഇവിടെ കാല്‍നടയാത്രക്കാര്‍ ദുരിതത്തിലാണ്. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് പലരും ഇതു വഴി യാത്ര ചെയ്യുന്നത്. നഗരത്തെ പ്രകാശപൂരിതമാക്കാന്‍ നിലാവ് എന്ന പേരില്‍ ആരംഭിച്ച നഗരവെളിച്ച പദ്ധതി പ്രകാരമുള്ള ലൈറ്റുകള്‍ ഏല്ലാം മിഴിയടച്ചിട്ട് മാസങ്ങളായി.
പ്രധാന പാതയായ എംസി റോഡിലും കെകെ റോഡിലും അങ്ങിങ്ങായുള്ള ചില ലൈറ്റുകള്‍ ഒഴിച്ചാല്‍ വെളിച്ചമേയില്ല. എംസി റോഡില്‍ നിരവധി സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗവം ഉപയോഗ ശൂന്യമാണ്. കുമരകം റോഡ്, പുതുപ്പള്ളി റോഡ് എന്നിവയിലും സ്ഥിതി വ്യത്യസ്തമല്ല നഗരപ്രാന്തത്തിലുള്ള മിക്ക റോഡുകളിലും അവസ്ഥയും ഇതൊക്കെ തന്നെയാണ്.
നഗരം വിട്ടുകഴിഞ്ഞാല്‍ ചില പ്രാദേശിക റോഡുകളില്‍ കൂടി യാത്ര ചെയ്യു മ്പോള്‍ രാത്രി യാത്രികര്‍ അദ്ഭുതപ്പെടും. മിക്കവാറും വഴിവിളക്കുകള്‍ അവിടെ പ്രകാശിക്കുന്നതായി കാണാം. പ്രദേശത്തെ കൗണ്‍സിലര്‍,പഞ്ചായത്ത് അംഗങ്ങളുടെ ഇടപെടലുകളാണിതിനു പിന്നില്‍.
ഹൈമാസ്റ്റ് ലൈറ്റുകളുടെ വരവ് പ്രധാന ജംഗ്ഷനുകളുടെ മുഖച്ഛായ മാറ്റിയിരുന്നു. 4-5 ലക്ഷം രൂപ വരെയാണ് ചെലവ്. തൊട്ടുപിന്നാലെ മിനി മാസ്റ്റ് ലൈറ്റുകളും എത്തി. 1- 1.5 ലക്ഷത്തിന് സ്ഥാപിക്കാം. ഗ്രാമ-നഗര അന്തരമില്ലാതെ ഇവ സ്ഥാപിക്കപ്പെട്ടു. സ്ഥാപനം എംപി, എം എല്‍ എ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകള്‍ വഴിയാണെങ്കിലും പരിപാലന ചുമതല പ്രദേശത്തെ തദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ്.
ഇത് കേവലം വൈദ്യുതി ബില്‍ അടയ്ക്കുന്നത് മാത്രമായി പോകുന്നു. ലൈറ്റുകള്‍ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ തീര്‍ന്നു. ഭാരിച്ച ചെലവ് എന്ന പേരില്‍ തദേശ സ്ഥാപനങ്ങള്‍ തിരിഞ്ഞു നോക്കില്ല. ഇതോടെ ഇവ നോക്കുകുത്തിയാകും. പറ്റിയാല്‍ എതെങ്കിലും ഫണ്ട് സംഘടിപ്പിച്ചു പുതിയത് സ്ഥാപിക്കും. പഴയത് ഉപേക്ഷിക്കപ്പെടും. വലിയ തുക ചെലവഴിച്ച് സ്ഥാപിക്കപ്പെടുന്ന ഇത്തരം ലൈറ്റുകളുടെ അറ്റകുറ്റപ്പണി നിശ്ചിത കാലയളവിലേക്ക് എങ്കിലും അവ സ്ഥാപിക്കുന്ന ഏജന്‍സികളെ ഏല്‍പ്പിച്ചാല്‍ ഇത്തരം നോക്കുകുത്തികള്‍ ഒഴിവാകും.
