വിചിത്രവും വ്യത്യസ്തവുമായ ബിസിനസ് ആശയങ്ങളിലൂടെ വിജയം കൊയ്യുന്ന വാർത്തകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ ചൈനയിൽ നിന്നും ശ്രദ്ധനേടുന്നു. ഉപഭോക്താക്കളുടെ ശരീരത്തിലെ ചൊറിച്ചിൽ മാറ്റി കൊടുക്കുന്ന ബിസിനസ്സിലൂടെ പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുകയാണ് ഷാങ് ഷിയാവോഖിയാവോ എന്ന 32കാരൻ.
ഷെൻഷെനിലെ ബാ ഓൻ, ഫുടിയൻ എന്നിവിടങ്ങളിലാണ് ഷാങ് ഇതിനായി പ്രത്യേക കടകൾ ആരംഭിച്ചിരിക്കുന്നത്. പ്രത്യേകമായി വളർത്തിയ നീളമുള്ള നഖങ്ങൾ ഉപയോഗിച്ചാണ് ഇവിടുത്തെ ജീവനക്കാർ ഉപഭോക്താക്കളുടെ ശരീരഭാഗങ്ങളിൽ പതുക്കെ ചൊറിഞ്ഞു നൽകുന്നത്. മണിക്കൂറിന് 300 യുവാൻ (ഏകദേശം 3,500 രൂപ) ആണ് ഇതിനായി ഈടാക്കുന്നത്.
മസാജ് പാർലറുകൾക്ക് സമാനമായ അന്തരീക്ഷത്തിലാണ് സേവനം നൽകുന്നത്. ഉപഭോക്താക്കൾക്ക് മാനസികസമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ഈ രീതി സഹായിക്കുമെന്നാണ് ഷാങ് പറയുന്നത്. കഴിഞ്ഞ വർഷം ഒരു സ്ത്രീ ഭർത്താവിന്റെ പുറം ചൊറിഞ്ഞു കൊടുക്കുന്ന ഒരു വീഡിയോ കണ്ടതാണ് ഷാങ്ങിന് ഈ ബിസിനസ് ആശയം നൽകിയത്. ചെറുപ്പത്തിൽ പിതാവ് പുറം ചൊറിഞ്ഞു തരുമ്പോൾ താൻ സുഖമായി ഉറങ്ങിയിരുന്ന ഓർമ്മയും ഈ ആശയത്തിന് പിന്നിലുണ്ട്.
ചൈനയിലെ അതിവേഗ ജീവിത സാഹചര്യങ്ങളിൽ ആളുകൾ വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും അതിനാൽ ഇത്തരം സേവനങ്ങൾക്കും വലിയ ആവശ്യക്കാരുണ്ടെന്നും ഷാങ് വ്യക്തമാക്കുന്നു. നിലവിൽ രണ്ട് ഔട്ട്ലെറ്റുകളിൽ നിന്നുമായി പ്രതിമാസം 1,00,000 യുവാൻ (ഏകദേശം 14.18 ലക്ഷം രൂപ) വരെ ഗ്രോസ് വരുമാനം ലഭിക്കുന്നുണ്ട്. കടകൾ ഇപ്പോൾ ലാഭത്തിലാണെന്നും ഇയാൾ കൂട്ടിച്ചേർക്കുന്നു.
ചൈനീസ് സോഷ്യൽ മീഡിയയിൽ ഈ സംഭവം ഇപ്പോൾ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ചിലർ സംരംഭത്തെ സ്വാഗതം ചെയ്യുമ്പോൾ, കേവലം ചൊറിച്ചിൽ മാറ്റാൻ ആളുകൾ ഇത്രയും തുക മുടക്കുമോ എന്ന സംശയവും ചിലർ പങ്കുവെക്കുന്നുണ്ട്.
