സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും സജീവമായിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. തിരക്കേറിയ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതെളിച്ച സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്.
യുവതിയുടെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിച്ചതായി പരാതി. വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായ കാഠ്മണ്ഡുലെ തമേലിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. തമേൽ തെരുവിലൂടെ നടന്നുപോകുകയായിരുന്ന യുവതിക്ക് നേരെയായിരുന്നു അതിക്രമം. തനിക്കേറ്റ അപമാനവും താൻ എത്രത്തോളം അരക്ഷിതാവസ്ഥയാണ് അനുഭവിച്ചതെന്നും വ്യക്തമാക്കിക്കൊണ്ട് യുവതി തന്നെയാണ് ദൃശ്യങ്ങൾ സഹിതം വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
തനിക്ക് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാരനായ വ്യക്തിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുവതി നേപ്പാൾ പൊലീസിനോട് അഭ്യർഥിച്ചു.
ശാരീരിക അതിക്രമം തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണെന്നും, താൻ വ്യായാമം ചെയ്യുന്നതിനിടയിലാണ് ഇത് പറ്റിയതെന്നുമാണ് പ്രതി ന്യായീകരിക്കാൻ ശ്രമിച്ചതെന്ന് യുവതി വീഡിയോയിൽ വ്യക്തമാക്കുന്നു.
എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമായ അതിക്രമമാണെന്ന് മനസിലാകും. പ്രതിയുടെ ഈ ന്യായവാദത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പൊതുജനാഭിപ്രായം.
