കുട്ടികളെ വളർത്തുന്നതിൽ ഇന്നത്തെ കാലത്ത് മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. കുട്ടികളുടെ ഓരോ കാര്യങ്ങൾക്കും അമിതമായി ആകുലപ്പെടുന്ന ആധുനിക പാരന്റിംഗ് രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ചില പാഠങ്ങൾ പങ്കുവെക്കുകയാണ് ഡോ. സുഖ്മണി ഗംഭീർ എന്ന ഇന്ത്യൻ വ്ലോഗർ.
ഒരു മാസം നീണ്ട യൂറോപ്പ് യാത്രയിൽ നിന്നും താൻ കണ്ടറിഞ്ഞ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന 5 പ്രധാന പാരന്റിംഗ്
ടിപ്പുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. മാതൃത്വത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും സ്ഥിരമായി എഴുതാറുള്ള ഡോ. സുഖ്മണിയുടെ ഈ നിരീക്ഷണങ്ങൾ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ കണ്ടത്.
യൂറോപ്യൻ മാതാപിതാക്കളിൽ നിന്നും അവർ പകർത്തിയ ആ 5 പ്രധാന പാഠങ്ങൾ ഇവയാണ്:
കുട്ടികൾ മാത്രമാകരുത് നിങ്ങളുടെ ലോകം
മുതിർന്നവരുടെ ലോകത്തുനിന്നും കുട്ടികളെ മാറ്റിനിർത്തേണ്ടതില്ല. മാതാപിതാക്കളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തന്നെ കുട്ടികളെയും മാറ്റുക. അവരെ കഫേകളിൽ കൊണ്ടുപോകാനും യാത്രകളിൽ ഒപ്പം കൂട്ടാനും മടിക്കേണ്ടതില്ല. ഇത്തരം സാഹചര്യങ്ങളുമായി അവർ എത്രത്തോളം ഇടപഴകുന്നുവോ, അത്രത്തോളം വേഗത്തിൽ അവർ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കും.
കുട്ടികൾക്ക് അല്പം വിരസതയും ആകാം
കുട്ടികൾക്ക് എപ്പോഴും ഫോണോ കളിക്കോപ്പുകളോ നൽകി തിരക്കിലാക്കാൻ മാതാപിതാക്കൾ ശ്രമിക്കാറുണ്ട്. എന്നാൽ കളിക്കാൻ ഒന്നുമില്ലാതെ അഞ്ച് പത്ത് മിനിറ്റ് അവർ ഇരിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. വിരസതയും ക്ഷമയും ഇന്നത്തെ കാലത്ത് കുട്ടികളിൽ ഇല്ലാതെ പോകുന്ന രണ്ട് പ്രധാന ഗുണങ്ങളാണ്. അത് ചെറുപ്പത്തിലേ ശീലിപ്പിക്കണം.
ഭക്ഷണ മേശയിലെ മര്യാദകൾ
കുട്ടികൾ കുട്ടികളെപ്പോലെ പെരുമാറുന്നത് സ്വാഭാവികമാണ്. എന്നാൽ മുതിർന്നവരുടെ പ്രതീക്ഷകൾ മനസ്സിലാക്കാൻ അവർക്ക് സാധിക്കും. ഭക്ഷണ മേശയിലിരുന്ന് ഭക്ഷണം കഴിക്കുക, പൊതുസ്ഥലങ്ങളെ ബഹുമാനിക്കുക, നല്ല മര്യാദകൾ കാണിക്കുക എന്നിവയെല്ലാം നാം വിചാരിക്കുന്നതിലും വളരെ നേരത്തെ തന്നെ കുട്ടികൾക്ക് പഠിച്ചെടുക്കാൻ സാധിക്കും.
ഭക്ഷണത്തോടുള്ള ഭയം ഒഴിവാക്കുക
കുട്ടികൾ സാധാരണയായി മുതിർന്നവർ കഴിക്കുന്നത് തന്നെയാണ് അനുകരിക്കാറുള്ളത്. ഐസ്ക്രീമും കുക്കീസും പോലുള്ള പലഹാരങ്ങൾ കുട്ടികൾക്ക് പൂർണമായും നിരോധിക്കുന്നതിന് പകരം, മിതമായ അളവിൽ നൽകാൻ ശ്രദ്ധിക്കുക. ഭക്ഷണത്തോട് പേടിയുണ്ടാക്കുന്നതിനേക്കാൾ നല്ലത് അതൊരു ആരോഗ്യകരമായ ശീലമായി മാറ്റുന്നതാണ്.
ശാഠ്യം പിടിച്ചു കരയുമ്പോൾ ലജ്ജിക്കേണ്ടതില്ല
റസ്റ്റോറന്റുകളിൽ കുട്ടികൾ കരയുമ്പോൾ യൂറോപ്യൻ മാതാപിതാക്കൾ പരിഭ്രാന്തരാകുകയോ നാണംകെട്ടതായി കരുതുകയോ ചെയ്യുന്നില്ല. അവർ പൂർണമായും ശാന്തരായിരിക്കും. കുട്ടിയുടെ ദേഷ്യവും കരച്ചിലും മാറാൻ അവർ ആദ്യം സമയം അനുവദിക്കുന്നു, അതിനുശേഷം മാത്രം അവരോട് ശാന്തമായി സംസാരിക്കുന്നു.
കുട്ടികൾക്ക് സ്വയം പൊരുത്തപ്പെടാനും സാധാരണ വികാരങ്ങൾ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നതിലൂടെ അവരെ സ്വയംപര്യാപ്തതയുള്ളവരായി വളർത്താൻ സാധിക്കുമെന്നാണ് ഈ പാരന്റിംഗ് ടിപ്പുകൾ മാതാപിതാക്കളെ ഓർമ്മിപ്പിക്കുന്നത്.
