മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരേൽ-അംബർനാഥ് ലോക്കൽ ട്രെയിനിന്റെ ലഗേജ് കോച്ചിൽ വ്യാഴാഴ്ച പുലർച്ചെ 12:30 ഓടെയായിരുന്നു സംഭവം.
ട്രെയിൻ യാത്രയ്ക്കിടയിൽ രണ്ട് യാത്രക്കാർ തമ്മിൽ തർക്കമുണ്ടാകുകയും, ഇത് പിന്നീട് കടുത്ത അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ട്രെയിൻ കല്യാൺ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫും ഗവൺമെന്റ് റെയിൽവേ പോലീസും ലഗേജ് കോച്ചിലേക്ക് എത്തി. തമ്മിലടിച്ച രണ്ട് പേരെയും ശാന്തരാക്കി. പരിക്കേറ്റ ഇരുവർക്കും ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. പിന്നീട് സ്ട്രെച്ചറുകളെത്തിച്ച് ആംബുലൻസിൽ രുക്മാഭായ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ ഒരാളുടെ തലയ്ക്കേറ്റ പരിക്ക് അതീവ ഗുരുതരമാണ്. ഇയാളെ പിന്നീട് സയൺ ആശുപത്രിയിലേക്ക് മാറ്റി.
ഇടിവള ഉപയോഗിച്ചാണ് ആക്രമണമെന്നാണ് വിവരം. റെയിൽവേ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇരുവരുടെയും കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. വഴക്കിനിടയിൽ ഒരാളുടെ കൈയിലുണ്ടായിരുന്ന വലിയ ഇരുമ്പ് കൈവള മറ്റേയാളുടെ തലയിൽ ആഞ്ഞടിച്ചതാണ് ഗുരുതര പരിക്കിന് കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കല്യാൺ റെയിൽവേ പോലീസ് കേസെടുത്ത് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
