ഇന്ത്യയിലെ ആഭ്യന്തര വിനോദസഞ്ചാര ചെലവുകളും വിയറ്റ്നാം പോലുള്ള വിദേശ രാജ്യങ്ങളിലെ യാത്രാച്ചെലവുകളും തമ്മിൽ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയിലെ ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ പോസ്റ്റ്.
പങ്കജ് അറോറ എന്ന എക്സ് ഉപയോക്താവാണ് തന്റെ സഹപ്രവർത്തകന്റെ യാത്രാ പ്ലാനുകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. കുന്നിൻ പ്രദേശങ്ങളിലേക്ക് നാല് ദിവസത്തെ ഒരു ചെറിയ യാത്ര പ്ലാൻ ചെയ്ത സഹപ്രവർത്തകൻ, ചെലവുകൾ താരതമ്യം ചെയ്ത ശേഷം ഒടുവിൽ ഇന്ത്യയിലെ യാത്ര ഉപേക്ഷിച്ച് വിദേശത്തേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ വിദേശ രാജ്യങ്ങളിലെ സാധ്യതകൾ പരിശോധിച്ചപ്പോൾ വിയറ്റ്നാമിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമാണെന്ന് അദ്ദേഹം കണ്ടെത്തി. ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് സമീപമുള്ള വൃത്തിയുള്ള ഹോട്ടലുകളിൽ ഒരു രാത്രിക്ക് വെറും 3,000 മുതൽ 5,000 രൂപ വരെ മാത്രമാണ് ചെലവ് വരുന്നത്. കൂടാതെ അവിടുത്തെ മികച്ച പൊതുഗതാഗത സംവിധാനവും കുറഞ്ഞ ചിലവിലുള്ള ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും യാത്രാ ബജറ്റ് വലിയ രീതിയിൽ കുറച്ചു.ഇന്ത്യയ്ക്കുള്ളിൽ യാത്ര ചെയ്യുന്നതിനേക്കാൾ കുറഞ്ഞ പണം മാത്രമാണ് അദ്ദേഹത്തിന് വിദേശയാത്രയ്ക്കായി ചെലവായത്,പങ്കജ് അറോറ കുറിച്ചു.
പ്രകൃതിഭംഗി മാത്രം പോരാ, മറിച്ച് യാത്രാച്ചെലവ്, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, വൃത്തി, സഞ്ചാരികളോടുള്ള പെരുമാറ്റം എന്നിവയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. നിരവധി ആളുകളാണ് ആഭ്യന്തര വിദേശ യാത്രകളിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഈ ചർച്ചയിൽ പങ്കുചേരുന്നത്.
