ലണ്ടനിൽ ജോലി ചെയ്യുന്ന വിഷ്ണു വിജയധരൻ എന്ന മലയാളി യുവാവ് നാട്ടിലെ സമാധാനപരമായ ഗ്രാമീണ ജീവിതത്തെക്കുറിച്ച് പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലണ്ടനിലെ തിരക്കുപിടിച്ച ജീവിതത്തോട് തന്റെ നാടിനെ ഉപമിച്ചുകൊണ്ട്, “ഞാൻ നാടുവിട്ടുപോയതിൽ ഇപ്പോൾ എനിക്ക് കുറ്റബോധം തോന്നുന്നു” എന്നാണ് വിഷ്ണു വിഡിയോയിലൂടെ തുറന്നുപറഞ്ഞത്.
വിഷ്ണു നാട്ടിൽ എത്തിയപ്പോൾ പകർത്തിയ ഗ്രാമീണ ഭംഗിയുടെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. വീടിനു ചുറ്റുമുള്ള പച്ചനിറഞ്ഞ നെൽപ്പാടങ്ങളും പ്രകൃതിരമണീയമായ കാഴ്ചകളും.രാവിലെ കഴിക്കുന്ന കഞ്ഞിയും പയറും, അമ്മ തയാറാക്കുന്ന നാടൻ ഞണ്ടും കക്കയിറച്ചിയും ചേർത്തുള്ള കേരളാ സ്റ്റൈൽ ഉച്ചഭക്ഷണം. പറമ്പിൽ തന്നെയുള്ള വാഴ, അവോക്കാഡോ, ചക്ക, സ്റ്റാർ ഫ്രൂട്ട്, മാങ്ങകൾ എന്നിവയിലൂടെ മാതാപിതാക്കൾ നയിക്കുന്ന ലളിതമായ ജീവിതശൈലി. കൂട്ടുകാരുമൊത്ത് കുളത്തിൽ നീന്തുന്നതും, നൂറ്റാണ്ടുകൾ പഴക്കമുള്ള തറവാട്ടു വീടുകളും നിലവറകളും സന്ദർശിക്കുന്നതും.
നാട്ടിലെ ഒരു പ്രാദേശിക ഉത്സവത്തിന്റെ സൂര്യാസ്തമയ സമയത്താണ് വിഷ്ണു തന്റെ പ്രവാസ ജീവിതത്തെക്കുറിച്ചുള്ള വികാരങ്ങൾ പങ്കുവെക്കുന്നത്. “സത്യസന്ധമായി പറയൂ, ഇങ്ങനെയൊരു ജീവിതം ഉപേക്ഷിച്ച് നിങ്ങൾ വിദേശത്തേക്ക് പോകുമോ? കാരണം എനിക്കിപ്പോൾ അങ്ങനെ ചെയ്തതിൽ വലിയ കുറ്റബോധം തോന്നുന്നു” എന്ന് വിഷ്ണു പ്രേക്ഷകരോട് ചോദിക്കുന്നു.
കരിയറിനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കുമായി വിദേശത്തേക്ക് പോകുമ്പോൾ പ്രവാസികൾക്ക് സ്വന്തം കുടുംബത്തെയും പ്രകൃതിയോടിണങ്ങിയ ജീവിതത്തെയും നഷ്ടപ്പെടുത്തേണ്ടി വരുന്നു എന്ന വൈകാരികമായ വശമാണ് വിഡിയോ ചർച്ച ചെയ്യുന്നത്.
വിഡിയോയ്ക്ക് താഴെ നിരവധി പ്രവാസികളും അല്ലാത്തവരുമായ മലയാളി പ്രേക്ഷകർ വൈകാരികമായ കമന്റുകളുമായി എത്തി. നാം അകന്നു കഴിയുമ്പോഴാണ് വീട് കൂടുതൽ മനോഹരമായി തോന്നുക എന്ന ഒരു യുവാവ് കുറിച്ചു.
